ഭരണം നിലനിർത്താൻ ജ്യോതിഷിയുടെ ഉപദേശം; പേരിന്റെ സ്‌പെല്ലിങ് മാറ്റി യെദ്യൂരപ്പ

ബംഗളൂരു: നാലാം തവണയും സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഉറച്ചിരിക്കാനാകാതെ കഷ്ടത്തിലായ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പേരുമാറ്റി ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുന്നു. ബൂക്കനക്കരെ സിദ്ധലിംഗപ്പ യെദ്യൂരപ്പ എന്ന 76-കാരനായ യെദ്യൂരപ്പ വീണ്ടും സംഖ്യാശാസ്ത്രപ്രകാരം പേരിൽ മാറ്റം വരുത്തുകയായിരുന്നു.

2007-ൽ സത്യപ്രതിജ്ഞാ വേളയിൽ ജ്യോതിഷിയുടെ നിർദേശപ്രകാരം yeddyurappa എന്നാക്കിയിരുന്നു. ഇപ്പോൾ yediyurappa എന്നാക്കിയാണ് പേര് പരിഷ്‌കരിച്ചിരിക്കുന്നത്. 2007-ൽ ആദ്യമായി മുഖ്യമന്ത്രിയായത് മുതൽ ഭൂരിപക്ഷമില്ലാതെയാണ് നാലുതവണയും സത്യപ്രതിജ്ഞ ചെയ്തത്. 2018 മേയ് 17-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാൽ രണ്ട് ദിവസത്തിനകം രാജിവെച്ചു. ഇത്തവണ സഖ്യസർക്കാരിനെ വലിച്ചിട്ട് അധികാരത്തിലെത്തിയ യെദ്യൂരപ്പയ്ക്ക് കസേര എത്രകാലം കൂടെയുണ്ടാകുമെന്ന് ഉറപ്പില്ല. അതുകൊണ്ട് തന്നെ ജ്യോതിഷിയുടെ വാക്ക് വിശ്വസിക്കാൻ തന്നെ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

1983 മുതൽ ശിവമോഗയിലെ ശിക്കാരിപുരയിൽ നിന്ന് തുടർച്ചയായി വിജയിച്ച ലിംഗായത്ത് സമുദായ നേതാവുകൂടിയായ യെദ്യൂരപ്പ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്.

Exit mobile version