ശ്രീനഗര്‍: കാര്‍ഗില്‍ വിജയ് ദിവസത്തില്‍ കാശ്മീരിലെ ശ്രീനഗറില്‍ എത്തി രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റിലെത്തിയാണ് രാഷ്ട്രപതി കാര്‍ഗില്‍ ഹീറോസിന് ആദരവര്‍പ്പിച്ചത്.
ദ്രാസിലെ കാര്‍ഗില്‍ മെമ്മോറിയലിലെത്തി ആദരവര്‍പ്പിക്കാനായിരുന്നു രാഷ്ട്രപതി കാശ്മീരിലെത്തിയതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അവസാന നിമിഷം യാത്ര മാറ്റിവെയ്ക്കുകയായിരുന്നു. യുദ്ധവിമാനങ്ങളുടെ ആകാശപ്രകടനവും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
യുദ്ധത്തില്‍ പങ്കെടുത്ത ധീരജവാന്മാരെ അനുസ്മരിച്ച രാഷ്ട്രപതി ഇന്ത്യയ്ക്കായി പടപൊരുതിയവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും എന്നും ട്വീറ്റ് ചെയ്തു.
പാകിസ്താനെ തുരത്തി ഇന്ത്യ വിജയം നേടിയ കാര്‍ഗില്‍ വിജയ ദിവസിന്റെ 20ാം വാര്‍ഷികമാണ് ഇന്ത്യ ഇന്ന് ആഘോഷിക്കുന്നത്. ഓപ്പറേഷന്‍ വിജയില്‍ പങ്കെടുത്ത ധീരജവാന്മാരെ അനുസ്മരിച്ചുകൊണ്ടാണ് രാജ്യത്തൊട്ടാകെ ഈ ദിനം ആചരിക്കുന്നത്.