മെഡിറ്റേറ്റ് എന്നത് മീഡിയേറ്റ് എന്ന് ട്രംപ് കേട്ടതാകാം; നേരെചൊവ്വേ ആശയവിനിമയം നടത്താതെ എന്ത് നയതന്ത്രമാണ് കേന്ദ്രസർക്കാരിന്റേത്? ചോദ്യം ചെയ്ത് സൽമാൻ ഖുർഷിദ്

മുംബൈ: കാശ്മീരിലെ തർക്കത്തിന് പരിഹാരം കണ്ടെത്താൻ യുഎസ് മധ്യസ്ഥം വഹിക്കണമെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞെന്ന ട്രംപിന്റെ പ്രസ്താവനയും തിരുത്തലും വിവാദമാകുന്നതിനിടെ വ്യത്യസ്തമായ വ്യാഖ്യാനവുമായി കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. മീഡിയേറ്റ്, മെഡിറ്റേറ്റ് എന്നീ വാക്കുകൾ തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് ഖുർഷിദ് പറയുന്നത്.

സൽമാൻ ഖുർഷിദിന്റെ ‘വിസിബിൾ മുസ്ലിം, ഇൻവിസിബിൾ സിറ്റിസൺ അണ്ടർസ്റ്റാൻഡിങ് ഇസ്ലാം ഇൻ ഇന്ത്യൻ ഡെമോക്രസി’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. യോഗയ്ക്കായി എന്തുകൊണ്ട് മെഡിറ്റേറ്റ് ചെയ്യുന്നില്ല എന്ന് മോഡി ചോദിച്ചിട്ടുണ്ടാകും, ട്രംപ് കേട്ടതും കരുതിയതും മീഡിയേറ്റ്(മധ്യസ്ഥത) എന്നാകാം, അദ്ദേഹം വിശദീകരിക്കുന്നു.

അതേസമയം, ഈ ആശയക്കുഴപ്പം, ആശയവിനിമയത്തിലുണ്ടായ പ്രശ്നമാകാം. നയതന്ത്ര ബന്ധം എന്നത് ആശയവിനിമയത്തിൽ അധിഷ്ഠിതമാണ്. നേരാം വണ്ണം ആശയവിനിമയം നടത്താൻ കഴിയുന്നില്ലെങ്കിൽ എന്തുതരം നയതന്ത്രമാണ് നിങ്ങൾ നടത്തുന്നത്?- എന്നും ഖുർഷിദ് വിമർശിച്ചു.

Exit mobile version