യെദ്യൂരപ്പ അധികം വാഴില്ല; തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എംഎല്‍എമാരോട് കോണ്‍ഗ്രസ് നേതൃത്വം

ബംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെ പതിനാലാം മാസത്തില്‍ വീഴ്ത്തിയ യെദ്യൂരപ്പയുടെ സന്തോഷം അധികകാലം നീണ്ടുനില്‍ക്കില്ലെന്ന് കണക്കുകൂട്ടലുകള്‍. സര്‍ക്കാര്‍ നിലംപതിച്ചതിനു പിന്നാലെ ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എംഎല്‍എമാരോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുകയാണ്. തങ്ങളുടെ മണ്ഡലത്തില്‍ വളരെ പെട്ടെന്ന് തന്നെ സജീവമാവാനാണ് എംഎല്‍എമാരോട് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ, കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ കാന്ദ്രെ, മുന്‍ ഉപമുഖ്യമന്ത്രി ഡോ. ജി പമേശ്വര എന്നിവര്‍ വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് എംഎല്‍എമാരോട് വോട്ടിനൊരുങ്ങാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. വോട്ടര്‍മാരുമായി സജീവമായി ഇടപെടാനും കര്‍ഷകര്‍ക്ക് സഹായമെത്തിക്കാനും വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങളുടെ കൈയ്യടി നേടാനും നേതാക്കള്‍ എംഎല്‍എമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്.

വിമത എംഎല്‍എമാരും ബിജെപിയും ചേര്‍ന്നുള്ള സര്‍ക്കാരിന് കൂടുതല്‍ കാലം നിലനില്‍ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് യോഗം വിലയിരുത്തി. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത്, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത്, ഇരവാദം ഉയര്‍ത്തിപ്പിടിച്ച് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി കുമാരസ്വാമി നേട്ടം ഉണ്ടാക്കി, തുടങ്ങിയവയെല്ലാം യോഗത്തില്‍ ചര്‍ച്ചയായി. എന്നാല്‍ ജനതാദളുമായി സഖ്യം തുടരണമോ എന്ന കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. ജനതാദളിന്റെ പ്രതികരണം അറിഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍.

Exit mobile version