ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യന്‍ നാവികരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ബ്രിട്ടന്‍ ജിബ്രാള്‍ട്ടറില്‍ വെച്ച് പിടിച്ചെടുത്ത ഇറാന്റെ എണ്ണടാങ്കര്‍ ഗ്രേസ് 1-ലെ 4 ഇന്ത്യന്‍ നാവികരെ അറസ്റ്റു ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ അറിയിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ ഇന്ത്യന്‍ നാവികരുമായി സംസാരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

24 ഇന്ത്യന്‍ നാവികരാണ് കപ്പലിലുളളതെന്നാണ് വിവരം. എന്നാല്‍ ഇവരില്‍ ആരെല്ലാമാണ് അറസ്റ്റിലായവര്‍ എന്ന് വ്യക്തമല്ല. ഈ കപ്പലില്‍ മൂന്നു മലയാളികള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നിരുന്നു.

അതേസമയം, ഇറാന്‍ പിടികൂടിയ എണ്ണ ടാങ്കര്‍ സ്റ്റെന ഇംപേറോയിലെ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി വിജയ്‌ഗോഖലെ ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി ചര്‍ച്ച നടത്തി. ഇറാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇറാന്‍ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി മുരളീധരന്‍ അറിയിച്ചു.

സ്റ്റെന ഇംപേറോ ഇറാനിയന്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചുവെന്ന ഇറാന്റെ ആരോപണം ഉടമസ്ഥരായ സ്റ്റേന ബള്‍ക്ക് നിഷേധിച്ചിട്ടുണ്ട്. നാവികരെ സന്ദര്‍ശിക്കാന്‍ ബന്ദര്‍ അബ്ബാസ് തുറമുഖ അധികൃതര്‍ക്ക് സ്റ്റെന ബള്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും പ്രതികരണമുണ്ടായിട്ടില്ല.

Exit mobile version