പ്രായം അതിക്രമിച്ചെങ്കിലും, യെദ്യൂരപ്പയെ വീണ്ടും കർണാടക ഏൽപ്പിക്കാൻ തയ്യാറെടുത്ത് ബിജെപി; നാളെ സത്യപ്രതിജ്ഞ ചെയ്‌തേക്കും

ബംഗളൂരു: കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സഖ്യം വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ ഭരണം ഉറപ്പിച്ച ബിജെപി ക്യാംപിൽ ആഘോഷത്തിന്റെ മണിക്കൂറുകൾ. ഇതിനിടെ, യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നു. സർക്കാർ രൂപീകരിക്കാൻ ബിജെപി ബുധനാഴ്ച അവകാശവാദമുന്നയിക്കുമെന്ന് മുതിർന്ന നേതാവ് ആർ അശോക് അറിയിച്ചിരിക്കുകയാണ്. സ്വതന്ത്രൻ അടക്കം രണ്ടുപേരുടെ പിന്തുണയോടെ പാർട്ടിക്ക് 107 പേരുടെ അംഗബലമുണ്ട്.

ഇതോടെയാണ് മുഖ്യമന്ത്രി കസേരയ്ക്കായി യെദ്യൂരപ്പ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇത്തവണയും ഭൂരിപക്ഷമില്ലാതെയാണ് യെദ്യൂരപ്പ കസേരയ്ക്കായി മുറവിളി കൂട്ടുന്നത്. 2007-ലാണ് യെദ്യൂരപ്പ ആദ്യമായി മുഖ്യമന്ത്രിയായത്. അന്നും പിന്നീടുവന്ന അവസരങ്ങളിലും അദ്ദേഹത്തിനു കാലാവധി പൂർത്തിയാക്കാനായിരുന്നില്ല.

ആർഎസ്എസിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്ക് എത്തിയ യെദ്യൂരപ്പ കർണാടകയിലെ പ്രബലമായ ലിംഗായത്ത് സമുദായത്തിന്റെ വലിയ പിന്തുണയുള്ള നേതാവാണ്. ഇതാണ് അദ്ദേഹത്തിന്റെ കരുത്തും. ഈ ജനപിന്തുണ പരിഗണിച്ചാണ് 76-കാരനായ യെദ്യൂരപ്പയെ ബിജെപി കേന്ദ്രനേതൃത്വം മുഖ്യമന്ത്രി സ്ഥാനാർഥിയായി വീണ്ടും പ്രഖ്യാപിച്ചത്. 75 വയസ്സുകഴിഞ്ഞവരെ പദവിയിൽനിന്നു മാറ്റിനിർത്താനുള്ള തീരുമാനം ഇളവുചെയ്താണ് അദ്ദേഹത്തെ തുടരാൻ അനുവദിച്ചത്.

Exit mobile version