കര്‍’നാടക’ത്തിന് അന്ത്യമാകുമോ? ഇന്ന് കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ്

ബംഗളൂരു: ഇന്ന് കര്‍ണാടകയില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കും. കുമാരസ്വാമി സര്‍ക്കാരിന്റെ ഭാവിയെ ചൊല്ലിയുള്ള നീണ്ട അനിശ്ചിതത്വത്തിന് ഇന്ന് അവസാനമുണ്ടാകുമെന്നാണ് സൂചന. വിശ്വാസ പ്രമേയം ചര്‍ച്ച ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. വിമതരുമായി അവസാനവട്ട ചര്‍ച്ച നടത്തിവരികയാണെങ്കിലും 15 വിമത എംഎല്‍എമാരും വഴങ്ങില്ലെന്ന നിലപാടിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ഉണ്ടാകാനിടയില്ല. അതിനാല്‍ തന്നെ യെദ്യൂരപ്പയും കൂട്ടരും സര്‍ക്കാര്‍ വീഴുമെന്നആത്മവിശ്വാസത്തിലുമാണ്.

ഭരണപക്ഷത്തെ, എംഎല്‍എമാരായ ശ്രീമന്ത് പാട്ടീല്‍, ബി നാഗേന്ദ്ര എന്നിവരുടെ അസാന്നിധ്യവും കോണ്‍ഗ്രസിന് തിരിച്ചടിയാകും. ബിഎസ്പി അംഗത്തോട് സര്‍ക്കാരിന് വോട്ട് ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷ മായാവതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, വിശ്വാസ വോട്ടെടുപ്പ് ഇന്ന് അഞ്ച് മണിക്കുള്ളില്‍ നടത്തണം എന്നാവശ്യപ്പെട്ട് രണ്ട് സ്വാതന്ത്ര എംഎല്‍എമാരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിപ്പിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും.

ഇതോടൊപ്പം വിശ്വാസ വോട്ടെടുപ്പ് എത്രയും വേഗം നടത്താന്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട രണ്ട് സ്വതന്ത്ര എംഎല്‍എമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. കുമാരസ്വാമിയുടേത് ന്യൂനപക്ഷ സര്‍ക്കാരാണെന്നും ബിജെപിയെ പിന്തുണക്കുന്ന ഈ എംഎല്‍എമാര്‍ വാദിക്കുന്നു.

Exit mobile version