കിടപ്പുമുറിയില്‍ ക്യാമറയെന്ന് ഭാര്യ, നിരപരാധിത്വം തെളിയിക്കാന്‍ വേറെ വഴി ഇല്ല, ഇത് തന്റെ സ്വയരക്ഷയ്ക്ക് വേണ്ടിയെന്ന് ഭര്‍ത്താവും; വാദങ്ങളില്‍ അന്തംവിട്ട് വനിതാ കമ്മീഷന്‍

വിഷയത്തിലെ ഗൗരവം കണ്ട് ഭര്‍ത്താവിനെ വിളിച്ചു വരുത്തി.

അഗര്‍ത്തല: ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും ഒരുമിച്ച് പോകുവാന്‍ സാധിക്കില്ല എന്ന ഘട്ടം വരുന്നതെല്ലാം വനിതാ കമ്മീഷനു മുന്‍പില്‍ തീര്‍ത്ത് കല്‍പ്പിക്കാന്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തില്‍ എത്തിയ ഒന്നാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കിടപ്പുമുറിയില്‍ സിസിടിവി ക്യാമറ വെച്ചിരിക്കുന്നുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് യുവതി. തൃപുരയിലാണ് സംഭവം.

വിഷയത്തിലെ ഗൗരവം കണ്ട് ഭര്‍ത്താവിനെ വിളിച്ചു വരുത്തി. സിസിടിവി വെച്ചതിന്റെ കാരണം തിരക്കിയപ്പോള്‍ കേട്ടത് കമ്മീഷനെ അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു. കിടപ്പുമുറിയില്‍ സിസിടിവി വെക്കേണ്ടിവന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഇതോടെ കമ്മീഷനും ആശയക്കുഴപ്പത്തിലായി. കിടപ്പുമുറിയില്‍ ക്യാമറ വെച്ചിട്ടുണ്ടെന്നത് സത്യമാണെന്നും, തങ്ങള്‍ രണ്ട് കട്ടിലുകളിലാണ് കിടക്കുന്നതെന്നും താന്‍ കിടക്കുന്ന ഭാഗത്തേക്ക് മാത്രമാണ് അത് ഫോക്കസ് ചെയ്തിരിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

വെസ്റ്റ് തൃപുര ജില്ലയിലുള്ള സാധുടില്ല ഗ്രാമത്തില്‍ നിന്നുള്ള രത്ന പൊദ്ദറാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ ചന്ദന്‍ കാന്തി ധര്‍ എന്നയാളെ വിവാഹം കഴിച്ചത്. വിവാഹ സമയത്ത് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെങ്കിലും പിന്നീട് ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് മാനസികമായി പീഡനം തുടങ്ങിയെന്ന് യുവതി പരാതി നല്‍കി. ഒടുവില്‍ പാരമ്പര്യമായി കിട്ടിയ ഭൂമി വിറ്റ് യുവതിയുടെ കുടുംബം രണ്ടുലക്ഷത്തോളം രൂപ ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയെങ്കിലും പിന്നെയും മാനസിക പീഡനം തുടര്‍ന്നുവെന്നും യുവതി ആരോപിച്ചു.

ഇതിനിടെ ബന്ധത്തിലുള്ള മറ്റൊരു യുവതിയുമായി ഭര്‍ത്താവ് അവിഹിത ബന്ധം പുലര്‍ത്തുന്നതായി മനസിലാക്കിയെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവ് കിടപ്പുമുറിയില്‍ സിസിടിവി ക്യാമറ വെച്ചതെന്നാണ് യുവതി കമ്മീഷന് നല്‍കിയ മൊഴി. വീട്ടില്‍ മുഴുവനും ക്യാമറ വെച്ചിരിക്കുകയാണെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. വീട്ടിലേക്ക് കയറുന്നിടം, ഇടനാഴി, വീട്ടിലെ കിടപ്പുമുറികള്‍ തുടങ്ങിയ ഇടങ്ങളിലാണ് ക്യാമറ വെച്ചിരിക്കുന്നത്. ഇതിന്റെ മോണിറ്റര്‍ സ്ഥാപിച്ചിരിക്കുന്നത് ഭര്‍ത്താവിന്റെ അമ്മയുടെ മുറിയിലാണെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയത്തില്‍ കമ്മീഷന്‍ കേസെടുത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ അത്രയും ഭര്‍ത്താവ് ചന്ദന്‍ കാന്തി ധര്‍ നിഷേധിച്ചു. ഭാര്യയോട് സ്ത്രീധനം ആവശ്യപ്പെടുകയോ അതിന്റെ പേരില്‍ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയമുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുപേരുടെയും വാദങ്ങള്‍ കേട്ട കമ്മീഷന്‍ പിരിഞ്ഞുതാമസിക്കുന്നത് പുനഃപരിശോധിക്കാന്‍ 45 ദിവസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. അതിന് സാധിച്ചില്ലെങ്കില്‍ മാസം 3000 രൂപ ഭാര്യയ്ക്ക് ജീവനാംശം നല്‍കാനും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Exit mobile version