ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷകരായി തെരുവുനായ്ക്കള്‍

ചണ്ഡിഗഢ്: ജനിച്ചയുടനെ ഓവുചാലില്‍ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിന് രക്ഷകരായി തെരുവുനായ്ക്കള്‍. ഹരിയാനയിലെ കൈതല്‍ നഗരത്തിന് സമീപമാണ് സംഭവം. ഓവുചാലില്‍ കിടന്ന് കരഞ്ഞ കുഞ്ഞിനെ ഒരുകൂട്ടം തെരുവ് നായ്ക്കള്‍ വലിച്ച് കരയിലേക്കിട്ട ശേഷം കുരച്ച് ആളുകളുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കരച്ചില്‍ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ കുഞ്ഞിനെ രക്ഷിച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. സമീപത്തെ സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ജനിച്ച ഉടനെയുള്ള ഈ പെണ്‍കുഞ്ഞിനെ ഒരു സ്ത്രീ പ്ലാസ്റ്റിക്ക് കവറിലാക്കി ഓവുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സ്ത്രീയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത കുഞ്ഞ് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന് ഭാരക്കുറവുള്ളതായും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Exit mobile version