ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചത് തേജോ മഹാലയ എന്ന ശിവക്ഷേത്രത്തിന്റെ മുകളില്‍; എല്ലാ തിങ്കളാഴ്ച്ചയും സ്മാരകത്തില്‍ ആരതി നടത്തുമെന്ന് വെല്ലുവിളിച്ച് ശിവസേന, താജ്മഹലിന് കനത്ത സുരക്ഷ

പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തി തേജോ മഹാലയ എന്ന പഴയ ശിവക്ഷേത്രത്തിന് മുകളിലായാണ് താജ്മഹല്‍ പണികഴിപ്പിച്ചതെന്നാണ് ശിവസേന അവകാശപ്പെടുന്നത്

ആഗ്ര: താജ്മഹലുമായി ബന്ധപ്പെട്ട് ശിവസേനയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് താജ്മഹലിന് കനത്ത സുരക്ഷ നല്‍കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). അതേസമയം പുരാതന സ്മാരകങ്ങളെയും പുരാവസ്തു സൈറ്റുകളെയും അവശിഷ്ടങ്ങളെയും സംബന്ധിക്കുന്ന 1958ലെ നിയമപ്രകാരം ഏതെങ്കിലും തരത്തിലുള്ള മതപരമായ ആചാരങ്ങളോ പരമ്പരാഗതരീതികളുടെ ആരംഭമോ സ്മാരകത്തില്‍ നടത്തുന്നത് നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എഎസ്‌ഐ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിച്ചു.

സവാന്‍ മാസത്തിലെ എല്ലാ തിങ്കളാഴച്ചയും സ്മാരകത്തില്‍ ആരതി നടത്താനാണ് ശിവസേനയുടെ തീരുമാനം. എന്നാല്‍ താജ്മഹലിന് പുറത്ത് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് സ്വരങ്കര്‍ പറഞ്ഞു.

പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തി തേജോ മഹാലയ എന്ന പഴയ ശിവക്ഷേത്രത്തിന് മുകളിലായാണ് താജ്മഹല്‍ പണികഴിപ്പിച്ചതെന്നാണ് ശിവസേന അവകാശപ്പെടുന്നത്. ഇതിനെ തുടര്‍ന്നാണ് സാവന്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും ഇവിടെ ‘ആരതി’ നടത്തുമെന്നു വീണു ലവാനിയ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം താജ്മഹലില്‍ ഇതുവരെ ആരും ആരതിയോ പൂജയോ നടത്തിയിട്ടില്ലെന്ന് സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് സ്വരങ്കര്‍ വ്യക്തമാക്കി.

Exit mobile version