സച്ചിനും അമിതാഭ് ബച്ചനും പിന്നില്‍; ഏറ്റവും ആരാധകരുള്ള ഇന്ത്യക്കാരനായി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആരാധിക്കുന്ന ഇന്ത്യക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്‌സ് വിഭാഗത്തിന്റെ സര്‍വ്വേയിലാണ് ആരാധക ബാഹുല്യത്തില്‍ ഇന്ത്യക്കാരില്‍ മോഡി ഒന്നാമതായത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോഹ്‌ലി എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.

അതേസമയം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വ്യക്തിയായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ രണ്ടാം സ്ഥാനത്താണുള്ളത്. ചൈനീസ് നടന്‍ ജാക്കി ചാന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

യുഎസിലെ ടോക് ഷോ അവതാരകനായ ഒപ്ര വിന്‍ഫ്രി, ആഞ്ജലീന ജോളി, മിഷേല്‍ ഒബാമ എന്നിവരാണ് പട്ടികയിലെ പ്രമുഖ വനിതകള്‍. ആഞ്ജലീന ജോളിയെ മറികടന്ന് മിഷേല്‍ ഒബാമ ലോകത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന സ്ത്രീയായി ലിസ്റ്റില്‍ ഇടം പിടിച്ചത് ശ്രദ്ധേയമായി.

ഓണ്‍ലൈന്‍ വഴിയാണ് സര്‍വ്വേ നടത്തിയത്. 41 രാജ്യങ്ങളില്‍ നിന്നുള്ള നാമനിര്‍ദേശങ്ങളാണ് പരിഗണിച്ചത്. ഇവയില്‍ നിന്നും 20 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും കൂടാതെ 10 പ്രാദേശിക പ്രമുഖരുടെയും പേരുകള്‍ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു.

Exit mobile version