പ്രളയത്തില്‍ തകര്‍ന്ന് ഉത്തരേന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും; മരണം 111 ആയി

67പേരാണ് ബിഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചത്

ന്യൂഡല്‍ഹി: പ്രളയത്തില്‍ തകര്‍ന്ന് ഉത്തരേന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും. പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 111 ആയി. 67പേരാണ് ബിഹാറില്‍ പ്രളയക്കെടുതിയില്‍ മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും ബിഹാറിലാണ്. അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17 പേരുമാണ് പ്രളയത്തില്‍ മരിച്ചത്.

ഇപ്പോള്‍ പുറത്തുവന്ന കണക്ക് പ്രകാരം ബിഹാറില്‍ 48 ലക്ഷം പേര്‍ പ്രളയബാധിതരായെന്നാണ്. സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 831 ഗ്രാമങ്ങളെ പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ആയിരങ്ങള്‍ക്കാണ് വീടുകള്‍ നഷ്ടമായിരിക്കുന്നത്. ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം അസാമിലും പ്രളയം സാരമായി ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ 33 ജില്ലകളിലായി 57 ലക്ഷം പേര്‍ പ്രളയബാധിതരാണ്. 427 ദുരിതാശ്വാസ ക്യാമ്പുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാന്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഗുവഹാത്തി, തേസ്പൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളും പ്രളയക്കെടുതിയിലാണ്. ബോളിവുഡ് താരം അക്ഷയ് കുമാര്‍ അസമിലെ ദുരിതബാധിതര്‍ക്കായി രണ്ട് കോടി രൂപ നല്‍കും.

Exit mobile version