‘ആർഎസ്എസിനെ മോശമാക്കി ചിത്രീകരിച്ച് സിലബസിൽ ഇടതു രാഷ്ട്രീയം കുത്തിനിറച്ചു’; ഡൽഹി സർവ്വകലാശാലയിൽ പ്രതിഷേധവുമായി എബിവിപി

ന്യൂല്‍ഡഹി: ഡല്‍ഹി സര്‍വ്വകലാശാലയിലെ സിലബസിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്-ബിജെപി അനുകൂല വിദ്യാര്‍ത്ഥി സംഘടന എബിവിപി. ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം നിറഞ്ഞതാണ് സിലബസെന്നാണ് എബിവിപിയുടെ വിമര്‍ശനം. അണ്ടര്‍ ഗ്രാജ്വേറ്റ് ഇംഗ്ലീഷ് സിലബസില്‍ ആര്‍എസ്എസിനെയും ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തെയും മോശമാക്കുന്ന രീതിയില്‍ ചിത്രീകരിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നു.

സര്‍വ്വകലാശാലയിലെ അക്കാദമിക് കൗണ്‍സില്‍ അംഗവും ആര്‍എസ്എസ് അനുകൂല അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് ഭാരവാഹികളും സിലബസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സിലബസിന് ഉത്തരവാദികളായ ഇംഗ്ലീഷ്, ഹിസ്റ്ററി വിഭാഗം തലവന്മാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ പ്രതിഷേധത്തിനിടെ വിസിയുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ലിറ്ററേച്ചര്‍ ഇന്‍ കാസ്റ്റ്, ഇന്റൊറഗേറ്റിംഗ് ക്വീര്‍നെസ് എന്ന പേപ്പറുകളിലാണ് ആര്‍എസ്എസിനെ മോശമായി ചിത്രീകരിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. 2002 ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ ശില്‍പ പരാല്‍ക്കര്‍ എഴുതിയ ‘മണിബെന്‍ ഏലിയാസ് ബിബിജാന്‍’ എന്ന കഥ സിലബസില്‍ ഉള്‍പ്പെടുത്തിയതും ആര്‍എസ്എസ്-ബിജെപി അനുകൂല സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്.

സിലബസില്‍ മാവോയിസവും ഇടതുരാഷ്ട്രീയവും കുത്തിനിറച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ചര്‍ച്ചയില്ലാതെയാണ് സിലബസ് തീരുമാനിച്ചതെന്നും വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗി രാജിവെക്കണമെന്നും ആര്‍എസ്എസ് അനുകൂല അധ്യാപകര്‍ ആവശ്യപ്പെട്ടു.

Exit mobile version