അഞ്ച് വർഷമായി ജെഎൻയുവിന് കാവൽക്കാരനായി; ഇനി അതേ ക്യാംപസിൽ വിദ്യാർത്ഥി; പ്രവേശന പരീക്ഷയിൽ മികച്ചവിജയം നേടി സെക്യൂരിറ്റി ജീവനക്കാരൻ; അഭിനന്ദനം

ന്യൂഡൽഹി: രാജ്യത്തെ പ്രശസ്തമായ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിലെ പ്രവേശന പരീക്ഷയിൽ ഉന്നതവിജയം നേടി ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരൻ. റഷ്യൻ ഭാഷാ ബിരുദത്തിനുള്ള പ്രവേശന പരീക്ഷയിലാണ് രാജസ്ഥാനിലെ കരൗലി ജില്ലയിൽ നിന്നുള്ള 33കാരൻ രാംജാൽ മീണ മികച്ചവിജയം സ്വന്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷമായി ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൂന്നു മക്കളുടെ പിതാവായ മീണ.

ആദ്യപരിശ്രമത്തിൽ തന്നെ ഉന്നതവിജയം നേടിയ മീണയെ ക്യാംപസിലെ വിദ്യാർത്ഥികളും അഭിനന്ദിക്കുകയാണ്. ജെഎൻയുവിലെ അന്തരീക്ഷമാണ് പരീക്ഷയെഴുതാൻ പ്രേരിപ്പിച്ചതെന്നും ജെഎൻയുവിലെ തന്നെ വിദ്യാർത്ഥികളാണ് പഠിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും സഹായിച്ചതെന്നും മീണ പറയുന്നു. കൂടാതെ പൊതുവിജ്ഞാനത്തിനായുള്ള മൊബൈൽ ആപ്ലിക്കേഷനുകളും സഹായിച്ചെന്നും അദ്ദേഹം പറയുന്നു.

പഠിക്കുന്ന കാലത്ത് മിടുക്കനായ വിദ്യാർത്ഥിയായിരുന്നു മീണ. രാജസ്ഥാൻ സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ 2018ൽ ബിരുദമെടുത്ത മീണയ്ക്ക് പിന്നീട് സാമ്പത്തിക പരാധീനതകൾ കാരണം പഠിക്കാൻ സാധിച്ചിരുന്നില്ല. തന്റെ ജോലിക്കിടയിൽ നാല് മണിക്കൂറോളം ദിവസവും മാറ്റിവച്ചാണ് പരീക്ഷയ്ക്ക് തയാറെടുത്തിരുന്നതെന്ന് മീണ പറയുന്നു. സിവിൽ സർവ്വീസ് പരീക്ഷയ്ക്കും തയ്യാറെടുക്കുന്നുണ്ട്.

Exit mobile version