ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ പെൺകുട്ടി ഖുർ ആനിന്റെ അഞ്ച് കോപ്പികൾ വാങ്ങി വിതരണം ചെയ്യണമെന്ന് കോടതി വിധി; പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ

റാഞ്ചി: സോഷ്യൽമീഡിയയിലൂടെ മതന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയ പെൺകുട്ടിയെ മാതൃകാപരമായി ശിക്ഷിച്ച് കോടതി. മതസ്പർധ ഉണ്ടാക്കുന്ന തരത്തിലെ സോഷ്യൽമീഡിയ പോസ്റ്റിന് പ്രായശ്ചിത്തമായി പെൺകുട്ടി ഖുർആനിന്റെ അഞ്ച് കോപ്പികൾ വിതരണം ചെയ്യണമെന്നാണ് കോടതി വിധിച്ചത്. റാഞ്ചിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.

ന്യൂനപക്ഷ വികാരം വ്രണപ്പെടുത്തിയ റിച്ചാ ഭാരതിയെന്ന 19 കാരി സോഷ്യൽമീഡിയയിലിട്ട പോസ്റ്റാണ് കേസിനാധാരം. കോളജ് വിദ്യാർത്ഥിനിയായ റിച്ചയെ മതവിദ്വേഷമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

അതേസമയം പെൺകുട്ടിയുടെ അറസ്റ്റിനെതിരെ ഹിന്ദു സംഘനകൾ വ്യാപക പ്രതിഷേധം ഉയർത്തിയിരുന്നു. പോലീസെത്തിയാണ് ഒടുവിൽ രംഗം ശാന്തമാക്കിയത്. പെൺകുട്ടി രണ്ടാഴ്ചയ്ക്കുള്ളിൽ അഞ്ച് ഖുർആൻ കോപ്പികളും വാങ്ങി വിതരണം ചെയ്യണമെന്നും ഒരെണ്ണം അഞ്ജുമാൻ ഇസ്ലാമിയ കമ്മിറ്റിയിലും ബാക്കി നാലെണ്ണം വിവിധ ലൈബ്രറികൾക്കും സ്‌കൂളുകൾക്കും നൽകണമെന്നുമാണ് കോടതി വിധിയിൽ പറയുന്നത്.

എന്നാൽ കോടതിയുടേത് വിചിത്രമായ വിധിയാണെന്നും അപ്പീൽ നൽകുമെന്നുമാണ് ഹിന്ദുസംഘടനകളുടെ നിലപാട്.

Exit mobile version