വ്യോമസേനയുടെ മിറാഷ് തകര്‍ന്ന് വീരമൃത്യു വരിച്ച പൈലറ്റിന്റെ ഭാര്യ ഗരിമ യൂണിഫോം അണിഞ്ഞ് സേനയിലേക്ക്; അഭിമാനം

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ബംഗളൂരുവില്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട വ്യോമസേനാ പൈലറ്റിന്റെ ഭാര്യയും യൂണിഫോം അണിയാന്‍ ഒരുങ്ങുന്നു. സ്‌ക്വാഡ്രോന്‍ ലീഡര്‍ സമിര്‍ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോളാണ് വ്യോമസേനയില്‍ ചേരാന്‍ തയ്യാറെടുക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഇവര്‍ മികച്ചവിജയം നേടിയിരിക്കുകയാണ്. തെലങ്കാനയിലുള്ള ദണ്ടിഗല്‍ വ്യോമസേന അക്കാദമിയില്‍ ചേരുന്ന ഇവര്‍ 2020 ജനുവരിയില്‍ സേനയുടെ ഭാഗമാകും. റിട്ട.എയര്‍മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഗരിമയുടെ ഭര്‍ത്താവ് സമിര്‍ അബ്രോള്‍ കഴിഞ്ഞ ഫെബ്രുവരി ഒന്നിന് എച്ച്എഎല്‍ വിമാനത്താവളത്തില്‍ വെച്ചുണ്ടായ അപടകടത്തിലാണ് വീരമൃത്യുവരിച്ചത്. സഹപൈലറ്റായ സിദ്ധാര്‍ത്ഥ നാഗിയും ഇവര്‍ പറത്തിയിരുന്ന മിറാഷ് 2000 വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. പറന്നുയര്‍ന്ന ശേഷം ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

Exit mobile version