കണ്‍ട്രിയെ ‘കൊണ്‍ട്രി’യാക്കി: വിദ്യാര്‍ത്ഥികളെ അക്ഷരതെറ്റ് പഠിപ്പിച്ച് ബിജെപി നേതാവ് ജയപ്രദ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികളെ അക്ഷരതെറ്റ് പഠിപ്പിച്ച് ബിജെപി നേതാവും മുന്‍ സിനിമാ നടിയുമായ ജയപ്രദ. രാംപൂരിലെത്തിയ എംപി അധ്യാപികയുടെ സ്ഥാനമേറ്റെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് തെറ്റായി പഠിപ്പിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ ‘ഇന്ത്യ ഈസ് മൈ കണ്‍ട്രി’ എന്ന് ജയപ്രദ വൈറ്റ് ബോര്‍ഡില്‍ എഴുതി. എന്നാല്‍ ‘കണ്‍ട്രി’ എഴുതുമ്പോള്‍ ‘യു’ എന്ന ഇംഗ്ലീഷ് അക്ഷരം എഴുതാന്‍ വിട്ടുപോയ ജയപ്രദ ‘കൊണ്‍ട്രി’ എന്നാണ് ബോര്‍ഡില്‍ എഴുതിയത്. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

‘ഇംഗ്‌ളീഷില്‍ എഴുതിയാല്‍ നിങ്ങള്‍ക്ക് വായിക്കാന്‍ സാധിക്കില്ലേ?’ എന്ന് വിദ്യാര്‍ത്ഥികളോട് ചോദിച്ച ശേഷമാണ് ജയപ്രദ ‘ഇന്ത്യ ഈസ് മൈ കൊണ്‍ട്രി’ എന്ന് ബോര്‍ഡില്‍ എഴുതിയത്. ജയപ്രദ വരുത്തിയ ഈ തെറ്റ് ചൂണ്ടിക്കാട്ടാന്‍ അധ്യാപകരോ വിദ്യാര്‍ത്ഥികളോ തയാറായില്ല.

സ്‌കൂളുകളില്‍ ചേരാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിവച്ച ക്യാംപയിനിന്റെ ഭാഗമായാണ് ജയപ്രദ ഉത്തര്‍ പ്രദേശിലെ സ്‌കൂളില്‍ എത്തിയത്.

Exit mobile version