കര്‍ണാടകയില്‍ രാജിവെച്ച 10 എംഎല്‍എമാര്‍ മുംബൈയിലെ ഹോട്ടലില്‍; അനുനയശ്രമം തുടര്‍ന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ രാജിവെച്ച 10 ഭരണകക്ഷി എംഎല്‍എമാര്‍ മുബൈയിലെ ഹോട്ടലിലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ അനുനയ ശ്രമങ്ങളോട് മുഖം തിരിക്കുന്ന എംഎല്‍എമാര്‍ ഇനിയും വഴങ്ങിയിട്ടില്ല. ഇവരോടൊപ്പം രാജിക്ക് മുതിര്‍ന്ന മൂന്ന് എംഎല്‍എമാര്‍ ബംഗളൂരുവില്‍ തന്നെ തുടരുകയാണ്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും വഴങ്ങിയിട്ടില്ല. എംഎല്‍എമാരുടെ രാജിക്കത്ത് ചൊവ്വാഴ്ച പരിശോധിക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.

രാജിവച്ച മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാമലിംഗ റെഡ്ഡിയുമായി കെസി വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തി. സമ്പൂര്‍ണ മന്ത്രിസഭാ പുനഃസംഘടനയാണ് റെഡ്ഡി ആവശ്യപ്പെടുന്നത്. എന്നാലിത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. ഇതാണ് വിമത എംഎല്‍എമാര്‍ രാജിയില്‍ ഉറച്ചു നില്‍ക്കാന്‍ കാരണമെന്നാണ് സൂചന.

അതേസമയം, മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയില്‍ നിന്ന് ഇന്ന് രാത്രി തിരിച്ചെത്തും. ജൂലൈ 12ന് നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ പുനഃസംഘടിപ്പിക്കണമെന്ന ആലോചന സജീവമാണ്. നിലവിലെ മന്ത്രിസഭയിലുളളവരെ രാജിവപ്പിച്ച് വിമതരെ ഉള്‍പ്പെടുത്താനാണ് നീക്കം.

Exit mobile version