ഈ ബജറ്റോടെ രാജ്യത്തെ മധ്യവര്‍ഗ്ഗ ജീവിതം പുരോഗതിയിലേക്ക്; പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും മോഡി

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ബജറ്റ് പാവപ്പെട്ടവരേയും മധ്യവര്‍ഗ്ഗത്തേയും പരിഗണിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയിലെ മധ്യവര്‍ഗ്ഗ ജീവിതം ഈ ബജറ്റോടെ പുരോഗതിയിലേക്ക് നയിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ത്യയിലെ മധ്യവര്‍ഗ്ഗം ഈ ബജറ്റോടെ പുരോഗതിയിലേക്ക് പോകും. വികസന പദ്ധതികളും വേഗത്തിലാകും. നികുതി ഘടന ലഘൂകരിക്കപ്പെടുകയും അടിസ്ഥാനസൗകര്യം ആധുനികവത്കരിക്കപ്പെടുകയും ചെയ്യും. പുതിയ സംരംഭങ്ങളെയും സംരംഭകരെയും ബജറ്റ് ശക്തിപ്പെടുത്തും. രാജ്യത്തെ സ്ത്രീകളുടെ പ്രാതിനിധ്യവും കൂട്ടും’, പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ. ബജറ്റ് പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയതാണ് ബജറ്റെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ‘അവര്‍ പുതിയ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷെ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആണെന്നു മാത്രം. ഒന്നും പുതുതായില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരു പുതിയ പദ്ധതി പോലുമില്ല’, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

Exit mobile version