വിഘടനവാദികള്‍ കാശ്മീരിലെ സ്‌കൂളുകള്‍ അടപ്പിച്ച് വിദ്യാര്‍ത്ഥികളോട് കല്ലെടുക്കാന്‍ പറയും; സ്വന്തം മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കുകയും ചെയ്യും: അമിത് ഷാ

ഒരു വിഘടനവാദി നേതാവിന്റെ മകന്‍ സൗദിയില്‍ 30 ലക്ഷത്തോളം മാസ ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്നും ഷാ സഭയെ അറിയിച്ചു.

ന്യൂഡല്‍ഹി: കാശ്മീര്‍ വിഘടനവാദികളുടെ ഇരട്ടത്താപ്പിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഘടനവാദി നേതാക്കളുടെ ബന്ധുക്കളായ 130ഓളം പേര്‍ വിദേശത്ത് പഠിക്കുകയോ അല്ലെങ്കില്‍ ജോലി ചെയ്യുകയോ ആണ്. കാശ്മീരില്‍ ആറുമാസത്തേക്ക് കൂടി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ കുറിച്ച് രാജ്യസഭയില്‍ വിശദീകരിക്കവെയാണ് അമിത് ഷാ വിഘടനവാദികള്‍ക്കെതിരെ ആഞ്ഞടിച്ചത്.

ഈ നേതാക്കളുടെ പേരെടുത്ത് പറയുന്നില്ല, എന്നാല്‍ എല്ലാവരുടേയും പട്ടിക തന്റെ പക്കലുണ്ട്. വിഘടനവാദികളുടെ മക്കളേയും ബന്ധുക്കളേയും അവര്‍ വിദേശത്തേക്ക് അയച്ച് പഠിപ്പിക്കും. എന്നിട്ട് താഴ്‌വരയിലെ സ്‌കൂളുകള്‍ അടപ്പിച്ച് സാധാരണക്കാരായ കുട്ടികളോട് കൈയ്യില്‍ കല്ലെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഒരു വിഘടനവാദി നേതാവിന്റെ മകന്‍ സൗദിയില്‍ 30 ലക്ഷത്തോളം മാസ ശമ്പളത്തിലാണ് ജോലി ചെയ്യുന്നതെന്നും ഷാ സഭയെ അറിയിച്ചു.

യുപിഎ സര്‍ക്കാര്‍ പാകിസ്താനില്‍ നിന്നും വിഘടനവാദികള്‍ക്ക് ഫണ്ട് എത്തുന്നത് തടയാനായി ഒന്നും ചെയ്തില്ലെന്നും എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഫണ്ടിങിന്റെ വേരറുക്കുകയാണ് ചെയ്തതെന്നും അവകാശപ്പെട്ടു. 31 കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 24 വിഘടനവാദി നേതാക്കള്‍ അറസ്റ്റിലാവുകയും ജയിലിലയക്കപ്പെടുകയും ചെയ്‌തെന്നും അമിത് ഷാ പറയുന്നു.

ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം കാശ്മീരിലെ വിധടനവാദി നേതാക്കളുടെ കുടുംബാംഗങ്ങളില്‍ 90 ശതമാനം പേരും പാകിസ്താനിലോ ഗള്‍ഫ് രാജ്യങ്ങളിലോ താമസിക്കുന്നവരാണ്. പാകിസ്താന്‍ ഹൈക്കമ്മീഷന്റെ സഹായത്തോടെയാണ് വിഘടനവാദികളുടെ മക്കളും ബന്ധുക്കളും വിദേശതത്് അഡ്മിഷന്‍ നേടുന്നതെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

Exit mobile version