ജി 20 ഉച്ചകോടി: പ്രധാനമന്ത്രി മോഡി ജപ്പാനില്‍; ഹൃദ്യമായ സ്വീകരണം ഒരുക്കി ഇന്ത്യന്‍ സമൂഹം

ജപ്പാനിലെ ഒസാകയിലാണ് ഉച്ചകോടി.

ഒസാക: പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജപ്പാനിലെത്തി. ജപ്പാനിലെ ഒസാകയിലാണ് ഉച്ചകോടി. ഉച്ചകോടിക്ക് മുന്നോടിയായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായും യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്, ഫ്രാന്‍സ്, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായും മോഡി ചര്‍ച്ച നടത്തും. ബ്രിക്‌സ് രാഷ്ട്രങ്ങളിലെ നേതാക്കന്‍മാരുമായുള്ള ചര്‍ച്ചയിലും ചൈന, റഷ്യ രാഷ്ട്രങ്ങളുമായുള്ള സംയുക്ത ചര്‍ച്ചയിലും മോഡി പങ്കെടുക്കും. ലോകം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളെ കുറിച്ചും അവസരങ്ങളെ കുറിച്ചും മറ്റ് ലോക നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്ന് ജപ്പാനിലേക്ക് തിരിക്കുന്നതിന് മുമ്പ് മോഡി പ്രസ്താവിച്ചിരുന്നു.

അതേസമയം, ജപ്പാനിലെത്തിയ മോഡിക്ക് രാജ്യത്തെ ഇന്ത്യന്‍ സമൂഹം ഒസാകയിലെ സ്വിസോട്ടെല്‍ നന്‍കായ് ഹോട്ടലിലെത്തി സ്വീകരണം നല്‍കി. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഒസാകയിലെത്തിയതായും ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ സമൂഹത്തിന്റെ ഹൃദ്യമായ സ്വീകരണത്തിന് നന്ദിയുണ്ടെന്നും മോഡി ട്വീറ്റ് ചെയ്തു.

‘മനുഷ്യ കേന്ദ്രീകൃത ഭാവി സമൂഹം’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി. സ്ത്രീ ശാക്തീകരണം, സാങ്കേതികവത്ക്കരണം നിര്‍മ്മിത ബുദ്ധി തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലെ പുരോഗതി, കാലാവസ്ഥാ വ്യതിയാനം, ഭീകരവാദം എന്നീ ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ രാഷ്ട്രങ്ങളുടെ പൊതുവായ പരിശ്രമങ്ങള്‍ എന്നിവയാണ് ഉച്ചകോടിയുടെ മുഖ്യ അജണ്ട.

ആതിഥേയരായ ജപ്പാന് പുറമെ യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, കൊറിയ, സൗത്ത് ആഫ്രിക്ക, റഷ്യ, സൗദി അറേബ്യ, തുര്‍ക്കി എന്നീരാഷ്ട്രങ്ങളാണ് ജി 20യിലുള്ളത്.

Exit mobile version