കുടിവെള്ള ക്ഷാമത്തിന് അറുതിയായില്ല; വെള്ളത്തിനായി നേട്ടോട്ടമോടി ചെന്നൈ!

ചെന്നൈ നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്.

ചെന്നൈ: ചെന്നൈ നഗരത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്. മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസം ഇല്ലാതെ ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് തമിഴ് ജനത. എന്നാല്‍ കഴിഞ്ഞ ദിവസം ചില ഭാഗങ്ങളില്‍ മഴ പെയ്‌തെങ്കിലും നഗരത്തിലെ കുടിവെള്ളം ക്ഷാമത്തിന് അറുതിയില്ല. രാവിലെ മുതല്‍ വെള്ളത്തിനായി നാടുനീളെ പരക്കം പായുകയാണ് ചെന്നൈ നഗരം.

ജലക്ഷാമംമൂലം ദുരിതം അനുഭവിക്കുന്ന ചെന്നൈ നിവാസികള്‍ക്ക് ആശ്വാസമായി ചൊവാഴ്ച്ച വൈകുന്നേരത്തോടെ മഴ പെയ്തിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ ആമ്പത്തൂര്‍, വില്ലിവാക്കം, അശോക് നഗര്‍, താമ്പരം, ടി നഗര്‍, തൈനാപേട്ട്, നന്ദനം വടപളനി, റോയപ്പേട്ട ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴ റിപ്പോര്‍ട്ട് ചെയ്തു.

നഗരത്തില്‍ 9.5 മില്ലി മീറ്റര്‍ അളവിലാണ് മഴ ലഭിച്ചതെന്ന് നുങ്കപക്കം കലാവസ്ഥ നിരീക്ഷണകേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സംസ്ഥാനത്തെ ഉള്‍ഗ്രാമങ്ങളില്‍ പെയ്ത മഴയുടെ അളവ് വളരെ കുറവായിരുന്നു. അതേസമയം, വരള്‍ച്ച നേരിടാന്‍ കടല്‍ വെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദിവസേന 150 മില്ല്യണ്‍ ലിറ്റര്‍ കടല്‍വെള്ളം ശുദ്ധീകരിക്കും.ഡീസാലിനേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ യുഎഇ ആസ്ഥാനമായ കമ്പനിയുമായി 1700 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു.

Exit mobile version