കര്‍ണാടകത്തില്‍ ടിപ്പു ജയന്തി ആഘോഷം; മൂന്നു ജില്ലകളില്‍ നിരോധനാജ്ഞ, പ്രദേശത്ത് വന്‍ പോലീസ് സന്നാഹം

കേരളത്തിന്റെ അതിര്‍ത്തിജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പരസ്യമായി ബിജെപി, ആര്‍എസ്എസ് വന്ന സാഹചര്യം കണക്കിലെടുത്ത് മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ. എതിര്‍പ്പുകളെ മറികടന്ന് നടത്തുന്ന ആഘോഷത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് വന്‍സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ടിപ്പു ജയന്തി ആഘോഷിക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ടിപ്പു ജയന്തി ഹോരാട്ട സമിതി ശനിയാഴ്ച കുടകില്‍ ബന്ദിന് ആഹ്വാനം ചെയ്തു. സുരക്ഷ കണക്കിലെടുത്ത് ഘോഷയാത്ര അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സംഘടനകള്‍ക്ക് ആഘോഷം നടത്തുന്നതിന് അനുവാദം നല്‍കിയിട്ടില്ല. ടിപ്പു സുല്‍ത്താന്റെ ബാനറുകളും പോസ്റ്ററുകളും നിരോധിച്ചു. കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചത്. സുരക്ഷാസേനാംഗങ്ങള്‍ പ്രദേശത്ത് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

ജയന്തി ആഘോഷത്തില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പങ്കെടുക്കില്ല. മൂന്നു ദിവസത്തേക്കുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. ജയന്തി ആഘോഷത്തെച്ചൊല്ലി സര്‍ക്കാരിലും ഭിന്നതയുണ്ട്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ആഘോഷത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം.

കേരളത്തിന്റെ അതിര്‍ത്തിജില്ലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാഹനപരിശോധനയ്ക്കായി 40 ചെക്ക് പോസ്റ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 24 മണിക്കൂര്‍ പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹാചര്യം നേരിടാന്‍ പ്രത്യേക എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റുമാരെയും നിയോഗിച്ചിട്ടുണ്ട്.

Exit mobile version