അക്രമ സാധ്യതകള്‍ ഇല്ല, അടിയന്തര സാഹചര്യവുമില്ല; ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു, ചോദ്യചിഹ്നമായി ബിജെപിയുടെ സമരം!

ഇനിയൊരു സാഹചര്യം ഉണ്ടായാല്‍ മാത്രം നിരോധനാജ്ഞ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് നിലപാട്.

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. നിലവില്‍ ശബരിമലയില്‍ അക്രമ സാധ്യതകളും അടിയന്തര സാഹചര്യവും ഇല്ലാത്ത സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ നീട്ടേണ്ടെന്ന തീരുമാനത്തില്‍ അധികൃതര്‍ എത്തിയിരിക്കുന്നത്. ഇനിയൊരു സാഹചര്യം ഉണ്ടായാല്‍ മാത്രം നിരോധനാജ്ഞ പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് നിലപാട്.

എന്നാല്‍ ശബരിമലയില്‍ നിരോധനാജ്ഞ അവസാനിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്‍പിലെ ബിജെപിയുടെ നിരാഹാര സത്യാഗ്രഹം ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ശബരിമലയിലെ ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുക, നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സമരവുമായി ഇറങ്ങിയത്.

എന്നാല്‍ നേതാക്കള്‍ ആഴ്ചയില്‍ ആഴ്ചയില്‍ മാറുന്നുണ്ടെങ്കിലും നിരോധനാജ്ഞ അതുപോലെ നീട്ടി നീട്ടി പോവുകയായിരുന്നു. മകരവിളക്ക് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമരം കൊണ്ട് യാതൊരു ഫലവും കാണാത്ത സാഹചര്യമായിരുന്നു. ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ മുറുമുറുപ്പും ശക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ സമരം പൂര്‍ണ്ണമായും ഫലം കാണുന്നില്ല എന്ന സാഹചര്യം കൂടി വന്നതോടെ സമരം മയത്തില്‍ അവസാനിപ്പിക്കുക എന്നൊരു വഴി മാത്രമാണ് നിലനില്‍ക്കുന്നത്. മണ്ഡലകാലം മകവിളക്ക് കണ്ട് സമാപിച്ചതോടെ കെട്ടും മടക്കി മുങ്ങേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ വിന്യസിച്ച പോലീസില്‍ ഒരു വിഭാഗത്തെ വെള്ളിയാഴ്ച പിന്‍വലിക്കും.

Exit mobile version