ജിഎസ്ടി എവിടെ? സമൂസ വില്‍പ്പനക്കാരന്റെ വരുമാനം ഒരു കോടിയെന്ന കണ്ടെത്തലുമായി ആദായനികുതി വകുപ്പ്! നോട്ടീസും അയച്ചു

ഇതോടെ ജിഎസ്ടിയും നികുതിയും അടച്ചില്ലെന്ന് കാണിച്ച് ഇയാള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

അലിഗഡ്: വളരെ പ്രശസ്തമായ തെരുവോരത്തെ ചെറിയകടയില്‍ സമൂസയും കചോരിയും വില്‍ക്കുന്ന വ്യക്തിക്ക് കോടിയുടെ വരുമാനമുണ്ടെന്ന് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍. ഇതോടെ ജിഎസ്ടിയും നികുതിയും അടച്ചില്ലെന്ന് കാണിച്ച് ഇയാള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. ഉത്തര്‍പ്രദേശിലെ അലിഗഡിലെ സമോസ വില്‍പ്പനക്കാരനാണ് എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. ഈ ചെറിയ കടയിലെ വാര്‍ഷിക വരുമാനം ഒരു കോടിയോളം വരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. മുകേഷ് കചോരി എന്നറിയപ്പെടുന്ന ആളുടേതാണ് ഈ കട.

പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഈ കടയില്‍ രാവിലെ മുതല്‍ ഇവിടെ സമോസയ്ക്കായി ആളുകള്‍ കൂട്ടത്തോടെ എത്താറുണ്ട്. ഈ തിരക്ക് ഒരു അവസാനമില്ലാതെ ദിവസം മുഴുവന്‍ തുടരും. ഇതോടെയാണ് ആരോ ആദായ നികുതി വകുപ്പിന് മുകേഷ് കചോരി എന്ന സ്ഥാപനം നികുതി വെട്ടിക്കുന്നതായി പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച നികുതി വകുപ്പ് കടയിലെ തിരക്കും വരുന്നവരെയും പോകുന്നവരെയും നിരന്തരം നിരീക്ഷിക്കുകയും ആ സ്ഥാപനത്തിന് ജിഎസ്ടി രജിസ്‌ട്രേഷനില്ലെന്ന് കണ്ടെത്തുകയും ചെയ്തു. അന്വേഷണത്തില്‍ മുകേഷ് 60 ലക്ഷം മുതല്‍ ഒരു കോടിയോളം രൂപ വരെ പ്രതിവര്‍ഷം സമ്പാദിക്കുന്നുണ്ടെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍.

ഇതോടെ മുകേഷിന് നോട്ടീസ് അയക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനിക്കുകയായിരുന്നു. താന്‍ 12 വര്‍ഷമായി ഇതേ സ്ഥലത്ത് കച്ചവടം നടത്തുന്നുണ്ടെന്നാണ് നോട്ടീസ് കൈപ്പറ്റിയ മുകേഷ് പ്രതികരിച്ചത്. ഇത്തരം നടപടിക്രമങ്ങളെ കുറിച്ച് അറിവില്ലായിരുന്നുവെന്നും, സാധാരണക്കാരനായ ഒരു കചോരി വില്‍പ്പനക്കാരന്‍ മാത്രമാണ് താനെന്നുമാണ് ഇദ്ദേഹത്തിന്റെ മറുപടി.

Exit mobile version