100 കോടി വരുമാനവുമായി വ്യവസായരംഗത്തെ ഞെട്ടിച്ച് ഈ ഉടമ; ഏഷ്യയിലെ ഏറ്റവും വലിയ മദ്യശാല ‘ടോണിക്’ ഇനി ബംഗളൂരുവിലും

അന്ന് ഈ ഫാന്‍സികട ലാഭത്തിലാകില്ലെന്ന് പറഞ്ഞ് പലരും പരിഹസിച്ചു; ഇന്ന് 100 കോടി വരുമാനവുമായി വ്യവസായരംഗത്തെ ഞെട്ടിച്ച് ഈ ഉടമ; ഏഷ്യയിലെ ഏറ്റവും വലിയ മദ്യശാല 'ടോണിക്' ഇനി ബംഗളൂരുവിലും

ബംഗളൂരു: ജുവല്‍സ് ഡി പാരഗണ്‍ എന്ന പേരുകേട്ട ജ്വല്ലറിയുടെ ഷോറൂമായിരുന്നു അടുത്ത കാലം വരെ ഈ മനോഹരമായ കെട്ടിടം. ബംഗളൂരുവിലെ തന്നെ പ്രശസ്തമായ വ്യാപാരകേന്ദ്രത്തില്‍ ലാന്റ് മാര്‍ക്കായിരുന്ന ഈ കെട്ടിടം ഇനി മുതല്‍ ജുവല്‍സ് ഡി പാരഗണ്‍ അല്ല, ‘ടോണിക്’ എന്ന ഏഷ്യയിലെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറാന്‍ ഒരുങ്ങുക്കുകയാണ് ഇവിടം. കുറച്ച് കാലം മുമ്പ് വരെ, ബംഗളൂരുവിലെ വ്യാപാര കേന്ദ്രങ്ങള്‍ക്ക് ഇടയിലൂടെ വഴിയറിയാതെ സഞ്ചരിക്കുമ്പോള്‍ എംജി റോഡിന്റെയും ചിന്നസ്വാമി സ്‌റ്റേഡിയത്തിന്റേയും കോര്‍ണറിലായി നിലകൊള്ളുന്ന ഈ കെട്ടിടം യാത്രക്കാര്‍ക്ക് ഒരു ലാന്റ് മാര്‍ക്കായിരുന്നു. ഇന്ന് ഈ കെട്ടിടത്തിനാകട്ടെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിക്വര്‍ ബൂട്ടീക് ആയി രൂപമാറ്റം വന്നിരിക്കുകയാണ്. ഏറെ വൈകാതെ തന്നെ ഈ സ്ഥലം ജുവല്‍സ് ഡി പാരഗണ്‍ കോര്‍ണര്‍ എന്ന പേര് ഉപേക്ഷിച്ച് ‘ടോണിക് കോര്‍ണര്‍’ എന്ന പേര് കൈക്കൊണ്ടേക്കും. കാരണം ഇന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള മധുശാലയായി മാറാന്‍ പോവുകയാണല്ലോ 30,000 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളിലായി തലയുയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം.

നഗരത്തിലെ മറ്റ് മദ്യഷോപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഈ മധുശാലയുടെ കെട്ടുംമട്ടും സ്റ്റൈലിഷ് ലുക്കും ആരേയും ആകര്‍ഷിക്കാന്‍ പോന്നതാണ്. മരം പാകിയ തറയും, അകത്തളത്തില്‍ സ്ഫുരിക്കുന്ന നറുമണവും ആകര്‍ഷകമായ ചെറുപ്രകാശവും ഒരു മദ്യഷോപ്പിലേക്കാണ് കയറി ചെന്നിരിക്കുന്നതെന്ന തോന്നല്‍പോലും ഇല്ലാതാക്കും. മദ്യവ്യവസായ ലോകത്തെ ലൂയിസ് വൂയിട്ടന്‍ ആകണമെന്നാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷോറൂം ഉടമയായ ഹൈദരാബാദ് സ്വദേശി അനിത് റെഡ്ഡി പറയുമ്പോള്‍ തന്നെ അറിയാം, ഈ വ്യാപാരത്തെ എത്രമാത്രം ഗൗരവത്തിലാണ് ഉടമസ്ഥര്‍ എടുത്തിരിക്കുന്നതെന്ന്. ടോണിക് ലിക്വര്‍ ബൂട്ടീകിന്റെ തുടക്കം ഹൈദരാബാദിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് 15000 സ്‌ക്വയര്‍ഫീറ്റില്‍ ആദ്യത്തെ ടോണിക് തുറന്നു. ഇപ്പോഴിതാ രണ്ടാഴ്ചയ്ക്കകം തുറന്ന്പ്രവര്‍ത്തിക്കാന്‍ ബംഗളൂരുവില്‍ അടുത്ത ടോണിക് തയ്യാറെടുക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ നാല് നിലകളിലായി ഈ കെട്ടിടത്തെ വികസിപ്പിക്കാനുള്ള പദ്ധതിയും ഉടമയായ അനിതിന്റെ പക്കലുണ്ട്.

43കാരനായ ടോണിക് ഉടമയുടെ കാഴ്ചപ്പാടില്‍ മദ്യം വാങ്ങുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. ഇത് എന്നും ഓര്‍ത്തിരിക്കുന്ന ഒന്നാക്കുക എന്നതാണ് ഇത്രയേറെ മനോഹരമായ ഇന്റീരിയര്‍ ചെയ്ത കെട്ടിടത്തില്‍ മദ്യവില്‍പ്പന ആരംഭിച്ചതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ഇവിടെ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മദ്യം ഉണ്ടാക്കുന്നവരുമായും സ്‌പെഷ്യലിസ്റ്റുകളുമായും സംവദിക്കാനും അവസരമുണ്ട്. ഈ ഷോറൂമിന്റെ മുകളിലെ നില പൂര്‍ണ്ണമായും വൈന്‍ ശേഖരങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഷാംപെയ്‌നുകള്‍ ഉള്‍പ്പടെ 1,000 വ്യത്യസ്ത ലേബലുകളിലുള്ള വൈനുകള്‍ ഇവിടെ ലഭ്യമാകും.

600 സ്‌ക്വയര്‍ ഫീറ്റിലൊരുക്കിയിരിക്കുന്ന വൈന്‍ രുചിക്കാനുള്ള കൗണ്ടറുകള്‍ മറ്റൊരു സവിശേഷതയാണ്. ഇവിടെ പരിപാടികള്‍ സംഘടിപ്പിക്കാനും അവസരമുണ്ട്. ഒപ്പം ഫ്രഷായ ചോക്ലേറ്റുകളും പലഹാരവും വിളമ്പുന്ന ബേക്കറിയും സജ്ജീകരിച്ചിരിക്കുന്നു. കൂടെ ചീസിന് മാത്രമായി ഒരു വിഭാഗവും. മദ്യത്തിന്റെ വിഭാഗത്തില്‍ 600-700 വ്യത്യസ്ത തരം ലേബലുകളിലുള്ളവ ഇവിടെ നിന്നും ഷോപ്പ് ചെയ്യാം. 40ഓളം ലേബല്‍ ബീയറുകളും പത്ത് വ്യത്യസ്ത തരം ടോണിക് ജലവും ഉള്‍പ്പെടുത്തി ബൂട്ടീകിനെ വിപുലമാക്കാനാണ് അനിത് റെഡ്ഡിയുടെ ശ്രമങ്ങള്‍.

താന്‍ ആദ്യം ഹൈദരാബാദില്‍ മദ്യബൂട്ടീക് തുറന്നപ്പോള്‍ ജനങ്ങള്‍ പരിഹസിച്ച് ചിരിച്ചെന്നും 400ലേറെ മദ്യഷോപ്പുകളുള്ള തെലങ്കാനയില്‍ ഈ ഫാന്‍സി കടയില്‍ ആര് കയറാനാണ് എന്ന പരിഹാസം നിരന്തരം ഉയര്‍ന്നിരുന്നെന്നും അനിത് പറയുന്നു. എന്നാല്‍ ഇവര്‍ക്കുള്ള മറുപടിയായി തനിക്ക് പറയാനുള്ളത് ഈ അവസാനിച്ച വര്‍ഷത്തില്‍ തന്റെ ടോണിക്കിലെ വരുമാനം 100 കോടി ആയിരുന്നെന്ന് പുഞ്ചിരിയോടെ റെഡ്ഡി വെളിപ്പെടുത്തുന്നു. കൂടുതല്‍ നഗരങ്ങളിലേക്ക് ‘ടോണിക്’ ബൂട്ടീകിനെ എത്തിക്കാനാണ് ഇപ്പോള്‍ അനിതിന്റെ ശ്രമം. മുംബൈയില്‍ ലിങ്കിങ് റോഡില്‍ 10,000 സ്‌ക്വയര്‍ഫീറ്റില്‍ ടോണികിനായി കെട്ടിടം ഒരുക്കാനുള്ള പദ്ധതികള്‍ അവസാന ഘട്ടത്തിലാണ്. രാജ്യതലസ്ഥാനത്തും ഉടന്‍ ഷോറൂം തുറക്കുമെന്നാണ് റെഡ്ഡി നല്‍കുന്ന സൂചനകള്‍.

പക്ഷെ, ഇതിനെല്ലാം മുകളില്‍, റെഡ്ഡിയുടെ ഏറ്റവും വലിയ ആഗ്രഹം ന്യൂയോര്‍ക്കില്‍ ഒരു ടോണിക് ബൂട്ടീക് തുറക്കണമെന്നാണ്. ഇതിനായി റെഡ്ഡി മാന്‍ഹാട്ടനിലെ സെവന്‍ത് അവന്യൂവില്‍ സ്ഥലം കണ്ടുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉടനെ ഈ സ്വപ്‌നവും സഫലമാകുമെന്നാണ് അനിത് റെഡ്ഡി എന്ന യുവവ്യാപാരിയുടെ പ്രതീക്ഷ.

Exit mobile version