ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; പതിനൊന്ന് പേര്‍ അറസ്റ്റില്‍

അതേസമയം സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്

റാഞ്ചി: ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രമോഹന്‍ ഒറാഓണ്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ ബിഹാരി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. യുവാവ് കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തേയും നിയമിച്ചു.

ജൂണ്‍ 18നാണ് സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് വരികയായിരുന്ന തബ്രിസ് അന്‍സാരി എന്ന യുവാവിനെ ഖാര്‍സ്വാനില്‍ ഒരുസംഘം ആളുകള്‍ ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. മണിക്കൂറുകളോളമാണ് ഇയാളെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് ഇയാളുടെ ബോധം പോയതിന് ശേഷമാണ് ഇവര്‍ യുവാവിനെ പോലീസിന് കൈമാറിയത്.

അതേസമയം മരത്തില്‍ കെട്ടിയിട്ട് ഇയാളെ മര്‍ദ്ദിക്കുന്ന സമയത്ത് ഇയാളോട് ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നു വിളിക്കാന്‍ ആള്‍ക്കൂട്ടം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം കസ്റ്റഡിയില്‍ വെച്ച് തബ്രിസിനെ ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതിന് തയ്യാറായില്ലെന്നും തബ്രിസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയിലെത്തും മുമ്പേ തബ്രിസ് മരിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

Exit mobile version