200 കോടി മുടക്കി ഹിമാലയത്തില്‍ വച്ച് വിവാഹം; കോടീശ്വരവിവാഹം ബാക്കിയാക്കിയത് കാല്‍ ലക്ഷം കിലോ മാലിന്യം

ഔലി: ഹിമാലയന്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വച്ച് നടന്ന വ്യവസായിയുടെ വിവാഹം ബാക്കിയാക്കിയത് കാല്‍ ലക്ഷം കിലോ വരുന്ന മാലിന്യങ്ങള്‍. ഉത്തരാണ്ഡിലെ ഔലിയില്‍ 200 കോടി മുടക്കി വ്യവസായി നടത്തിയ വിവാഹ ചടങ്ങാണ് മാലിന്യം കൊണ്ട് വിവാദമായിരിക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലുള്ള ഔലിയിലായിരുന്നു ദക്ഷിണാഫ്രിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജയ് ഗുപ്തയുടേയും, അതുല്‍ ഗുപ്തയുടേയും മക്കളുടെ വിവാഹം. ജൂണ്‍ 18 മുതല്‍ 22 വരെയായിരുന്നു ഇവരുടെ വിവാഹവും അനുബന്ധ ചടങ്ങുകളും.

വിവാഹശേഷം സ്ഥലത്തുനിന്നും ഒരു ദിവസം മാത്രം നീക്കിയത് കാല്‍ ലക്ഷം കിലോ വരുന്ന മാലിന്യങ്ങളാണ്. നൈനിറ്റാള്‍ ഹൈക്കോടതി നേരിട്ട് ഇടപെട്ട് കര്‍ശന നിരീക്ഷണത്തില്‍ നടന്ന വിവാഹചടങ്ങിലാണ് ഇത്ര വലിയതോതില്‍ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടിയത്. മാലിന്യങ്ങള്‍ മുഴുവന്‍ സംസ്‌കരിക്കാന്‍ ഈ മാസം മുഴുവന്‍ എടുക്കുമെന്നാണ് ജോഷിമഠ് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്.

രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ മാത്രം മുനിസിപ്പാലിറ്റി അധികൃതര്‍ ശേഖരിച്ചത് 220 ക്വിന്റല്‍ മാലിന്യങ്ങളാണ്. 2013ലെ പ്രളയത്തില്‍ വലിയ നാശമുണ്ടായ സ്ഥലങ്ങളില്‍ ഇത്രയും വലിയ ഇടപെടലുണ്ടാകുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് കാണിച്ച് നേരത്തേ പൊതു താല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.

വഴിയരികില്‍ മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പരിസ്ഥിതി ലോല മേഖലയില്‍ ഇത്രയേറെ മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയതില്‍ പൊതുജനങ്ങളും വിനോദ സഞ്ചാരികളും പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇതുവരെ ഒരു പരാതിപോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ലാ അധികൃതര്‍ പറയുന്നു. കോടതി 150 പേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിനാണ് അനുമതി നല്‍കിയത് എന്ന കാര്യവും പ്രത്യേകം ശ്രദ്ധേയമാണ്.

വിവാഹം വിഐപി സാന്നിധ്യം കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. വിവാഹത്തിന് കത്രീന കൈഫ് അടക്കമുള്ള ബോളിവുഡ് താരങ്ങളും ടെലിവിഷന്‍ താരങ്ങളും പങ്കെടുത്ത കലാപരിപാടികളുമുണ്ടായിരുന്നു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്, യോഗ ഗുരു ബാബ രാംദേവ് അടക്കമുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നൈനിറ്റാള്‍ ഹൈക്കോടതി ഉത്തരവിട്ടത് പ്രകാരം മൂന്ന് കോടി രൂപ ചമോലി ജില്ലാ അധികൃതര്‍ക്ക് മുമ്പാകെ ഗുപ്ത കുടുംബം കെട്ടിവെച്ചിരുന്നു. ഇതിന് പുറമേ വനം വകുപ്പ്, പരിസ്ഥിതി വകുപ്പ്, ജില്ലാ അധികൃര്‍ തുടങ്ങിയവരുള്‍പ്പെട്ട 13 അംഗ നിരീക്ഷണ സമിതിയേയും നിയോഗിച്ചു. ഇവിടേക്ക് ഹെലിക്കോപ്റ്ററുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നതിനാല്‍ ജോഷിമഠിനടുത്തുള്ള രവിഗ്രാമില്‍ നിന്നും വിഐപികളെ കാര്‍ മാര്‍ഗം ചടങ്ങിനെത്തിക്കുകയായിരുന്നു.

Exit mobile version