ബംഗാളില്‍ അടിപതറി ത്രിണമൂല്‍; ഒരു എംഎല്‍എയും 18 കൗണ്‍സിലര്‍മാരും കൂടി ബിജെപിയിലേക്ക് ചേക്കേറി; ഒരാഴ്ചക്കിടെ ബിജെപിയിലേക്ക് പോകുന്നത് മൂന്നാമത്തെ എംഎല്‍എ

ഒരാഴ്ചക്കിടെ ബിജെപിയില്‍ ചേരുന്ന മൂന്നാമത്തെ എംഎല്‍എയാണ് വില്‍സണ്‍

കൊല്‍ക്കത്ത; ബംഗാളില്‍ അടിപതറി ത്രിണമൂല്‍ കോണ്‍ഗ്രസ്. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ കൂടി ബിജെപിയിലേക്ക് ചേക്കേറുന്നു. അലിപുര്‍ദ്വാര്‍ കള്‍ച്ചിനി മണ്ഡലത്തിലെ എംഎല്‍എയായ വില്‍സണ്‍ ചമ്പ്രമാരിയാണ് ബിജെപിയിലേക്ക് ചേക്കേറുന്നത്. എംഎല്‍എയെ കൂടാതെ 18 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേരും. എംഎല്‍എ തന്നെയാണ് ബിജെപിയിലേക്ക് പോകുന്ന കാര്യം വ്യക്തമാക്കിയത്.

‘ഇന്ന് ഞാനും എനിക്കൊപ്പം 18 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേരും. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും’- വില്‍സണ്‍ ചമ്പ്രമാരി പറഞ്ഞു.

ഒരാഴ്ചക്കിടെ ബിജെപിയില്‍ ചേരുന്ന മൂന്നാമത്തെ എംഎല്‍എയാണ് വില്‍സണ്‍. കഴിഞ്ഞ ദിവസം ത്രിണമൂലിന്റെ രണ്ട് എംഎല്‍എമാരും നിരവധി കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. നൗപാര എംഎല്‍എ സുനില്‍ സിങും, ബിശ്വജിത്ത് ദാസുമാണ് ബിജെപിയില്‍ ചേര്‍ന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കെറുന്ന അഞ്ചാമത്തെ ത്രിണമൂല്‍ എംഎല്‍എയാണ് വില്‍സണ്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നരേന്ദ്ര മോഡി ബംഗാളില്‍ വന്നപ്പോള്‍ 40 ത്രിണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അവകാശപ്പെട്ടിരുന്നു.

പിന്നാലെ ഇന്ന് വരെ ത്രിണമൂലിന്റെ അഞ്ച് എംഎല്‍എമാരും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും എംഎല്‍എമാരും ബിജെപിയില്‍ എത്തിയിരുന്നു. കൂടാതെ ത്രിണമൂലിന്റെ 105 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ എത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പല പാര്‍ട്ടികളില്‍ നിന്നായി പല എംപിമാരും എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുന്നുണ്ട്.

Exit mobile version