വിആര്‍ ലക്ഷ്മിനാരായണന് മലയാളത്തിന്റെ യാത്രാമൊഴി; വിട പറഞ്ഞത് ഇന്ദിരാഗാന്ധിയെയും കരുണാനിധിയെയും അറസ്റ്റ് ചെയ്ത മലയാളി ഐപിഎസ് ഓഫീസര്‍

ചെന്നൈ: കരുത്തുറ്റ ആ ചരിത്രം ബാക്കിയാക്കി മുന്‍ ഡിജിപിയും സിബിഐ ജോയിന്റ് ഡയറക്ടറുമായ വിആര്‍ ലക്ഷ്മിനാരായണന്‍ യാത്രയായി. ചെന്നൈ എഗ്മോറിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 91 വയസായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ന്യൂ ആവടി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും.

അടിയന്തിരാവസ്ഥ കാലത്ത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്യാനുളള ചരിത്ര നിയോഗം മലയാളിയായ ലക്ഷ്മിനാരായണന് ആയിരുന്നു. കൂടാതെ ഡിഎംകെ നേതാവ്കരുണാനിധിയെ അറസ്റ്റ് ചെയ്ത ചരിത്രവുമുണ്ട് അദ്ദേഹത്തിന്.

രാജ്യം കണ്ട മികച്ച ഐപിഎസ് ഓഫീസര്‍മാരില്‍ ഒരാളായിരുന്നു ലക്ഷ്മിനാരായണന്‍.
അടിയന്തിരാവസ്ഥയില്‍ അടിതെറ്റി ഭരണം പോയ സമയം, ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തത് മലയാളിയായ ലക്ഷ്മിനാരായണന്‍ ആയിരുന്നു. അങ്ങിനെയാണ് 1977 ഒക്ടോബര്‍ മൂന്നിന് രാത്രി എട്ടുമണിയോടെ ആ ചരിത്രം പിറന്നത്.

‘അമ്മയെ വിളിക്കൂ.. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരു വനിതയുടെ, അതിലുപരി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളുടെ കയ്യില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പരുക്കനായ കൈകള്‍ കൊണ്ട് വിലങ്ങണിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ അടിയന്തരാവസ്ഥ അവസാനിച്ചതിന് പിന്നാലെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്യാനെത്തിയ ലക്ഷ്മിനാരായണന്‍ രാജീവ് ഗാന്ധിയോട് പറഞ്ഞതിങ്ങനെയായിരുന്നു.

ഇന്ദിരാ ഗാന്ധി തന്നെ അണിയിക്കാനുള്ള വിലങ്ങ് എവിടെയെന്ന് ലക്ഷ്മിനാരായണനോട് ചോദിച്ചപ്പോള്‍, അദ്ദേഹം മറുപടി പറഞ്ഞതിങ്ങനെ, ‘മികച്ച സേവനത്തിനുള്ള മെഡല്‍ താങ്കളുടെ കയ്യില്‍ നിന്നും ഞാന്‍ വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അലസനാണ്.. വിലങ്ങുകളെടുക്കാന്‍ മറന്നു പോയി’ എന്നായിരുന്നു.

കൂടാതെ തമിഴ്‌നാട് ഡിജിപിയായിരിക്കുമ്പോള്‍ ഡിഎംകെ നേതാവ് എം കരുണാനിധിയെ അറസ്റ്റ് ചെയ്തതും ലക്ഷ്മിനാരായണനായിരുന്നു. ദീര്‍ഘ കാലം തമിഴ്‌നാട് ഡിജിപിയായിരുന്ന ഇദ്ദേഹം 1985 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.

1980 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇന്ദിരയും പൂര്‍വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചെത്തി. സിബിഐ ഡയറക്ടറാകേണ്ടിയിരുന്ന നാരായണനെ സ്വന്തം േകഡറായ തമിഴ്‌നാട്ടിലേക്ക് തിരിച്ചയച്ചു. തമിഴ്‌നാട് അടക്കിഭരിച്ചിരുന്ന എംജിആറിനു പക്ഷേ നാരായണനെ വിശ്വാസമായിരുന്നു. ക്രമസമാധാന ചുമതലയുള്ള ഡിജിപിയായിട്ടായിരുന്നു സര്‍വീസില്‍ നിന്നും വിരമിച്ചത്.

വിരമിച്ച ശേഷം തന്റെ പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും അദ്ദേഹം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം പ്രളയമുണ്ടായപ്പോഴും അദ്ദേഹം സഹായവുമായെത്തിയിരുന്നു.
കൊയിലാണ്ടി സ്വദേശിയായ ലക്ഷ്മിനാരായണന്‍, 1945ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദമെടുത്തു. പോലീസുകാരനാവണമെന്നായിരുന്നു തീരുമാനം. അച്ഛനും സഹോദരനും ജുഡീഷ്യല്‍ സര്‍വ്വീസില്‍ ആണെങ്കിലും തന്റെ വഴി മറ്റൊന്നാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ സഹോദരനാണ്.

സ്വതന്ത്ര ഇന്ത്യയുടെ പ്രധാന രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിര്‍ണായക സ്ഥാനങ്ങള്‍ വഹിച്ചിരുന്ന വിആര്‍ ലക്ഷ്മി നാരായണന്‍ വിട പറയുമ്പോള്‍ നഷ്ടമാകുന്നത് സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ സാക്ഷിയെക്കൂടിയാണ്.

Exit mobile version