ശബരിമല ഓര്‍ഡിനന്‍സ്: സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയെ മറികടന്ന് നടപടി സ്വീകരിക്കാനാവില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി രാംമാധവ്. കേന്ദ്രസര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതില്‍ നിലവില്‍ തടസമുണ്ടെന്നും രാംമാധവ് വ്യക്തമാക്കി.

എന്‍കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അവതരിപ്പിച്ച ശബരിമല സ്വകാര്യബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ നിയമപരമായി സാധ്യമായവയെല്ലാം ചെയ്യും. ഈ വിഷയത്തില്‍ സുപ്രീംകോടതി നിലപാടെടുത്തിട്ടുണ്ട്. കോടതിയെ മറികടന്ന്
നിലപാടെടുക്കുക നമുക്ക് സാധ്യമല്ല. ജനങ്ങളുടെ വികാരം മാനിച്ച് എന്തെല്ലാം കേന്ദ്ര സര്‍ക്കാരിന് ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ചെയ്യും’ രാം മാധവ് പറഞ്ഞു.

ശബരിമല വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയതാണ്. ഞങ്ങള്‍ ക്ഷേത്രത്തിന്റെ ആചാരത്തിനും പാരമ്പര്യത്തിനുമൊപ്പമാണ്. അതോടു ചേര്‍ന്ന് നില്‍ക്കുന്ന വിശ്വാസികളുടെ വികാരത്തിനൊപ്പവും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version