പണം നല്‍കാതെ പോകാന്‍ ശ്രമിച്ചു; യുവാവിനെ ചോദ്യം ചെയ്ത ടോള്‍ ബൂത്ത് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം; വീഡിയോ

ഹരിയാനയിലെ ഖര്‍ക്കി ദൗല നഗരത്തിലെ ടോള്‍ പ്ലാസയിലാണ് സംഭവം നടന്നത്. ജീവനക്കാരിയെ ആക്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

ന്യൂഡല്‍ഹി: പണം നല്‍കാതെ പോകാന്‍ ശ്രമിച്ച യുവാവിനെ ചോദ്യം ചെയ്ത ടോള്‍ ബൂത്തിലെ വനിതാ ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം. ഹരിയാനയിലെ ഖര്‍ക്കി ദൗല നഗരത്തിലെ ടോള്‍ പ്ലാസയിലാണ് സംഭവം നടന്നത്. ജീവനക്കാരിയെ ആക്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു.

കാറില്‍ നിന്ന് ഇറങ്ങിയ യുവാവ് ജനാലയിലൂടെ ജീവനക്കാരിയുടെ കൈ പിടിച്ച് പുറത്തേക്ക് വലിക്കുകയും മൂക്കിനിടിക്കുകയുമായിരുന്നു. ഇത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. ജീവനക്കാരിയെ മര്‍ദ്ദിക്കുന്നതില്‍നിന്ന് യുവാവിനെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്ന മറ്റ് യാത്രക്കാരെ വീഡിയോയില്‍ കാണാം. ആക്രമണത്തില്‍ മൂക്കിന് സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം പ്ലാസയില്‍ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഖര്‍ക്കി ദൗലയിലെ ടോള്‍ പ്ലാസയില്‍ ഇതിന് മുമ്പും ജീവനക്കാര്‍ക്കെതിരെ ഇത്തരത്തിലുള്ള ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version