അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കും, പിന്‍ഗാമി ആരാണെന്ന കാര്യത്തില്‍ ഇടപെടാനില്ല; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തുടരുമോയെന്നതു സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

ന്യൂഡല്‍ഹി: അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ ഇടപെടുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. പിന്‍ഗാമി ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനു പുറത്ത് വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തുടരുമോയെന്നതു സംബന്ധിച്ച അവ്യക്തത തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ രണ്ടാം തവണയും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനുള്ള സന്നദ്ധത രാഹുല്‍ അറിയിച്ചത്. തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു രാഹുലിന്റെ രാജി പ്രഖ്യാപനം. മുതിര്‍ന്ന നേതാക്കളടക്കം രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം, ലോക്‌സഭയിലെ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തിലും അധ്യക്ഷ സ്ഥാനത്തു തുടരുന്നില്ലെന്ന സൂചനയാണ് രാഹുല്‍ നല്‍കിയത്. ലോക്‌സഭയിലെ കക്ഷിനേതാവാകാന്‍ രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു സ്ഥാനത്തു നിന്ന് ഒഴിഞ്ഞതിനു ശേഷം മറ്റൊരു സ്ഥാനം ഏറ്റെടുക്കുന്നത് ശരിയല്ലെന്ന മറുപടിയാണ് രാഹുല്‍ നല്‍കിയത്.

Exit mobile version