ബംഗാളില്‍ തൃണമൂലിന് അടിപതറുന്നു! ഒരു ത്രിണമൂല്‍ എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു; രണ്ട് ദിവസത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത് രണ്ട് എംഎല്‍എമാരും 27 കൗണ്‍സിലര്‍മാരും

കഴിഞ്ഞ കുറച്ച് മാസങ്ങളായി പല പാര്‍ട്ടികളില്‍ നിന്നായി പല എംപിമാരും എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുന്നുണ്ട്.

കൊല്‍ക്കത്ത; ത്രിണമൂലില്‍ നിന്ന് ബിജെപിയിലേക്കുള്ള ചേക്കറല്‍ തുടരുന്നു. നൗപാര എംഎല്‍എ സുനില്‍ സിങിന് പിന്നാലെ ത്രിണമൂല്‍ എംഎല്‍എ ബിശ്വജിത്ത് ദാസ് ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ ബിജെപി നേതാക്കളായ കൈലാഷ് വര്‍ഗീയയുടെയും മുകുള്‍ റോയിയുടെയും സാന്നിധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ചടങ്ങിലാണ് ബിശ്വജിത്ത് ബിജെപിയില്‍ ചേര്‍ന്നത്. ബിശ്വജിത്തിന് ഒപ്പം 12 ത്രിണമൂല്‍ കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ് വക്താവ് പ്രശാന്തജീത്ത് ഘോഷും ബിജെപിയില്‍ ചേര്‍ന്നു.

രണ്ട് ദിവസങ്ങളിലായി ബിജെപിയിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ എംഎല്‍എയാണ് ബിശ്വജിത്ത്. ഇന്നലെ നൗപാര എംഎല്‍എ സുനില്‍ സിങ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സുനിലിനൊപ്പം 15 കൗണ്‍സിലര്‍മാരും ബിജെപിയില്‍ എത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പല പാര്‍ട്ടികളില്‍ നിന്നായി പല എംപിമാരും എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കെറുന്ന നാലാമത്തെ ത്രിണമൂല്‍ എംഎല്‍എയാണ് ബിശ്വജിത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നരേന്ദ്ര മോഡി ബംഗാളില്‍ വന്നപ്പോള്‍ 40 ത്രിണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അവകാശപ്പെട്ടിരുന്നു.

പിന്നാലെ പല ദിവസങ്ങളിലായി ത്രിണമൂലിന്റെ നാല് എംഎല്‍എമാരും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഒരോ എംഎല്‍എമാരും ബിജെപിയില്‍ എത്തിയിരുന്നു. കൂടാതെ ത്രിണമൂലിന്റെ 87 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ എത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

Exit mobile version