‘ബിജെപിക്കാരനാണെന്ന് പറയാന്‍ തന്നെ നാണക്കേട് ‘, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കെഎ ബാഹുലേയന്‍ സിപിഎമ്മിലേക്ക്

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയന്‍ പാർട്ടിവിട്ട് സിപിഎമ്മിലേയ്ക്ക്. വെളിയില്‍ ഇറങ്ങി ബിജെപിക്കാരനാണെന്ന് പറയാന്‍ നാണക്കേടാണ് എന്ന് ബാഹുലേയന്‍ പറഞ്ഞു.

ബാഹുലേയന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ എകെജി സെന്ററിലെത്തി കണ്ടു. ശ്രീനാരായണഗുരു ജയന്തി ആഘോഷം ഒബിസി മോര്‍ച്ചയെ മാത്രം ഏല്‍പിച്ചതില്‍ പ്രതിഷേധിച്ച് ബാഹുലേയന്‍ ബിജെപിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു.

അന്നുതന്നെ രാജി പ്രഖ്യാപനം നടത്തിയിരുന്നു. ചതയ ദിനാഘോഷം നടത്താന്‍ ബിജെപി ഒബിസി മോര്‍ച്ചയെ ഏല്‍പിച്ച സങ്കുചിത ചിന്താഗതിയില്‍ പ്രതിഷേധിച്ച് താന്‍ ബിജെപി വിടുന്നുവെന്നായിരുന്നു ബാഹുലേയന്‍ ഫേസ്ബുക്കിൽ കുറിച്ചത്.

താന്‍ നിരവധി കാരണങ്ങള്‍ കൊണ്ടാണ് സിപിഎമ്മിനൊപ്പം ചേരുന്നതെന്നും ബിജെപി വര്‍ഗീയ വാദികളുടെ പ്രസ്ഥാനമാണെന്നും ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും ബിജെപിക്ക് വിദ്വേഷമാണ് എന്നും ബാഹുലേയന്‍ പറഞ്ഞു.

ബിജെപിയില്‍ ഇനിയും പ്രവര്‍ത്തിക്കാന്‍ തന്റെ മനഃസാക്ഷി അനുവദിക്കുന്നില്ലെന്നും ബാഹുലേയന്‍ പറഞ്ഞു.

Exit mobile version