പ്രതിഷേധം കനത്തു; ഹിന്ദിയും ഇംഗ്ലീഷും മതി, തമിഴ് ഉപയോഗിക്കരുത് എന്ന നിര്‍ദേശം പിന്‍വലിച്ചു

ആശയവിനിമയത്തിന് തമിഴ് ഉപയോഗിക്കരുതെന്ന നിര്‍ദേശം റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു.

ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്റ്റേഷന്‍ മാസ്റ്റര്‍മാരും തമ്മില്‍ ആശയവിനിമയത്തിന് തമിഴ് ഉപയോഗിക്കരുതെന്ന നിര്‍ദേശം റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു. വിവിധയിടങ്ങളില്‍ റെയില്‍വേ ജീവനക്കാര്‍ തന്നെ പ്രതിഷേധവുമായി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് തീരുമാനം പിന്‍വലിക്കുന്നത്.

ഇംഗ്ലീഷോ ഹിന്ദിയോ മാത്രമേ റെയില്‍വേ ഡിവിഷണല്‍ കണ്‍ട്രോള്‍ ഓഫീസും സ്റ്റേഷന്‍ മാസ്റ്റര്‍മാരും തമ്മില്‍ സംസാരിക്കുമ്പോള്‍ ഉപയോഗിക്കാവൂ എന്ന സര്‍ക്കുലര്‍ ബുധനാഴ്ചയാണ് ദക്ഷിണ റെയില്‍വേ പുറത്തിറക്കിയത്. ഉദ്യോഗസ്ഥര്‍ പ്രാദേശിക ഭാഷ ഉപയോഗിക്കുമ്പോള്‍ ആശയക്കുഴപ്പമുണ്ടാകുമെന്നാണ് റെയില്‍വെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ കനത്ത പ്രതിഷേധമാണ് തമ്‌ഴിനാട്ടിലടക്കം ഉടലെടുത്തത്. ഇതോടെ ദക്ഷിണ റെയില്‍വേ സര്‍ക്കുലര്‍ പിന്‍വലിക്കുകയായിരുന്നു.

നേരത്തെ, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ രാജ്യത്തെ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തേയും തമിഴ്‌നാട് ജനരോഷം കൊണ്ട് തോല്‍പ്പിച്ചിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പറഞ്ഞതോടെ ശക്തമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയര്‍ന്നത്.

Exit mobile version