കോണ്‍ഗ്രസിന്റെ വിജയത്തിനായി പരിശ്രമം നടത്താത്തവരെ ഉറപ്പായും കണ്ടെത്തും;പ്രിയങ്കാഗാന്ധി

സോണിയാഗാന്ധിയുടെയും ജനങ്ങളുടെയും സഹായത്തോടെ മാത്രമാണ് റായ്ബറേലിയില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്നും പ്രിയങ്ക വ്യക്തമാക്കി

റായ്ബറേലി: കോണ്‍ഗ്രസിന്റെ വിജയത്തിനായി ഉത്തര്‍പ്രദേശില്‍ പരിശ്രമം നടത്താതിരുന്ന പ്രവര്‍ത്തകരെ ഉറപ്പായും കണ്ടെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. സോണിയാഗാന്ധിയുടെയും ജനങ്ങളുടെയും സഹായത്തോടെ മാത്രമാണ് റായ്ബറേലിയില്‍ വിജയിക്കാന്‍ കഴിഞ്ഞതെന്നും പ്രിയങ്ക വ്യക്തമാക്കി.

സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ എത്തിയപ്പോഴാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. യോഗത്തില്‍ പ്രസംഗിക്കാന്‍ താത്പര്യമില്ലെന്ന് താന്‍ വ്യക്തമാക്കിയതാണ്. എന്നാലും പ്രസംഗിക്കാന്‍ നിര്‍ബന്ധിച്ച സാഹചര്യത്തില്‍ സത്യം തുറന്നു പറയാം. സോണിയാഗാന്ധിയുടെയും റായ്ബറേലിയിലെ ജനങ്ങളുടെയും സഹായത്തോടെ മാത്രമാണ് ഇവിടെ വിജയിക്കാന്‍ കഴിഞ്ഞതെന്നും പാര്‍ട്ടിക്ക് വോണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് അക്കാര്യം അറിയാമെന്നും പ്രിയങ്ക വ്യക്തമാക്കി.

എന്നാല്‍ കോണ്‍ഗ്രസിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കാതിരുന്നവരെ താന്‍ കണ്ടെത്തുകതന്നെ ചെയ്യുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. വലിയ പ്രചാരണ പരിപാടികളൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത്തവണയും കനത്ത പരാജയമായിരുന്നു നേരിടേണ്ടി വന്നത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയടക്കം പരാജയപ്പെട്ടിരുന്നു. റായ്ബറേലിയില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.

Exit mobile version