ഗുജറാത്തിന് ആശ്വാസം; വായു ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക്; തീരത്ത് ആഞ്ഞുവീശില്ല

പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട് അതിതീവ്ര രൂപം പൂണ്ട വായു ചുഴലിക്കാറ്റില്‍ നിന്നും രക്ഷപ്പെട്ട് ഗുജറാത്ത്. നേരത്തെ വായു ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയായിരുന്നെങ്കിലും നിലവില്‍ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ നേരിയ മാറ്റം സംഭവിച്ചിരിക്കുകയാണ്. ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാല്‍ കരയിലേക്ക് ആഞ്ഞുവീശില്ല. വലിയതോതില്‍ നാശവുമുണ്ടാക്കില്ല.

എങ്കിലും, വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി മാറിയിരിക്കുന്നത്. ഒമാന്‍ തീരത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മാത്രമല്ല കടല്‍ക്ഷോഭം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന നേരത്തെ വന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്ത് തീരപ്രദേശങ്ങളിലെ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. വിമാനത്താവളങ്ങള്‍ അടച്ചിടുകയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. സംസ്ഥാനത്ത് വ്യോമ – തീവണ്ടി ഗതാഗതത്തിന് കര്‍ശ്ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയെല്ലാം അടിയന്തരഘട്ടത്തെ നേരിടാന്‍ സജ്ജരായിരിക്കുകയാണ്. വായു ഉച്ചയോടെ ഗുജറാത്ത് തീരം തൊടുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Exit mobile version