എടിഎമ്മില്‍ പണം നിറയ്ക്കാനെത്തിയ വാഹനത്തില്‍ നിന്നും 75 ലക്ഷം കവര്‍ന്ന് ഡ്രൈവര്‍ ‘മുങ്ങി’! തുമ്പില്ലാതെ പോലീസ്

ബംഗളൂരു: എടിഎമ്മുകളില്‍ പണംനിറയ്ക്കാനെത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ വാഹനത്തില്‍നിന്ന് 75 ലക്ഷം രൂപ കവര്‍ന്ന് കടന്നുകളഞ്ഞതായി പരാതി. സ്വകാര്യ ഏജന്‍സിയായ ‘റൈറ്റര്‍ സേഫ്ഗാര്‍ഡ്’ എന്ന സ്ഥാപനത്തിന്റെ ഡ്രൈവറായ അബ്ദുള്‍ ഷാഹിദാണ് പണം കവര്‍ന്ന് രക്ഷപ്പെട്ടത്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് കടുഗൊണ്ടനഹള്ളി പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം.

രണ്ടുബാഗുകളിലും ഒരു ഇരുമ്പുപെട്ടിയിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. തിരക്കേറിയ റോഡായതിനാല്‍ മറ്റാരുടെയെങ്കിലും സഹായമില്ലാതെ പണംകടത്താന്‍ കഴിയില്ലെന്നാണ് പോലീസിന്റെ നിഗമനം. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പോലീസ്.

നഗരത്തിലെ വിവിധ എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനിടെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. മറ്റു രണ്ടുജീവനക്കാരും ഗണ്‍മാനും ഡ്രൈവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. നാഗവാരയിലെ എടിഎമ്മില്‍ പണംനിറയ്ക്കാന്‍ ജീവനക്കാരും ഗണ്‍മാനും ഇറങ്ങി. ഈ സമയം ഡ്രൈവര്‍ വാഹനത്തിലുണ്ടായിരുന്ന പണവുമായി രക്ഷപ്പെടുകയായിരുന്നു.

Exit mobile version