‘സര്‍ക്കാറി’ നെതിരെ വ്യാപക പ്രതിഷേധം ; മുരുകദോസിന്റെ വീട്ടില്‍ പോലീസെത്തി

ചെന്നൈ: മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രം സര്‍ക്കാരിലെ രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരില്‍ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്കു നീങ്ങി. ഇന്നലെ രാത്രി മുരുകദോസിന്റെ വീട്ടില്‍ പോലീസ് പരിശോധനയ്‌ക്കെത്തി. അദ്ദേഹം വീട്ടിലില്ലാത്തതിനാല്‍ പോലീസ് മടങ്ങി പോവുകയായിരുന്നു.


 രാത്രി വൈകി പോലീസ് എത്തിയതിന്റെ പേരില്‍ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. അതേസമയം അറസ്റ്റടക്കമുളള നടപടിക്കല്ലെന്നും സുരക്ഷ നല്‍കാനാണ് എത്തിയതെന്നും പൊലീസ് വിശദീകരിച്ചു. സിനിമയില്‍ അണ്ണാഡിഎംകെയ്‌ക്കെതിരെയെന്നു വ്യാഖ്യാനിക്കാവുന്ന ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അതില്‍ പ്രധാനം സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വസ്തുക്കള്‍ തീയിടുന്ന രംഗവും മുഖ്യമന്ത്രിയെ കൂടെയുള്ളവര്‍ അമിത മരുന്നുനല്‍കി കൊലപ്പെടുത്തുന്നതുമാണ്. ചിത്രത്തിലെ കോമളവല്ലിയെന്ന കഥാപാത്രം മുന്‍ മുഖ്യമന്ത്രി ജയലളിതയെ അനുസ്മരിപ്പിക്കുന്നതാണെന്ന് അണ്ണാഡിഎംകെയ്ക്ക് ആക്ഷേപമുണ്ട്.

ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന. അതേസമയം മധുരയില്‍ ഷോ റദ്ദാക്കി. തിയറ്ററിനു മുന്നില്‍ സ്ഥാപിച്ചിരുന്ന വിജയ്യുടെ കട്ടൗട്ടിനു പ്രതിഷേധക്കാര്‍ തീയിടുകയും ചെയ്തു. ചെന്നൈയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു മുന്നില്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ ചിത്രത്തിലെ വിവാദ രംഗങ്ങളുടെ പേരില്‍ സംവിധായകന്‍ എആര്‍. മുരുഗദോസിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജി ദേവരാജന്‍ എന്നയാള്‍ കമ്മിഷണര്‍ക്കു പരാതി നല്‍കി. അതേസമയം കമല്‍ഹാസന്‍, വിശാല്‍, ഖുഷ്ബു തുടങ്ങി ഒട്ടനവധി പ്രമുഖര്‍ ചിത്രത്തിന് പിന്തുണയുമായി വന്നിട്ടുണ്ട്.

Exit mobile version