ബിജെപിയുമായി ജെഡിയുവിന് അഭിപ്രായ വ്യത്യാസമില്ല; എന്‍ഡിഎ സഖ്യത്തില്‍ തുടരുമെന്ന് നിതീഷ് കുമാര്‍

എന്‍ഡിഎയില്‍ എല്ലാ കാര്യങ്ങളും നന്നായി പോകുന്നുണ്ടെന്നും ബിജെപിയുമായി നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും നിതീഷ്

പാറ്റ്ന: എന്‍ഡിഎ സഖ്യത്തില്‍ തന്നെ തുടരുമെന്നു പ്രഖ്യാപിച്ചും വിള്ളലുണ്ടാകുമെന്ന അഭ്യൂഹങ്ങളെ തള്ളിയും ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍. ജെഡിയുവും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. എന്‍ഡിഎയില്‍ എല്ലാ കാര്യങ്ങളും നന്നായി പോകുന്നുണ്ടെന്നും ബിജെപിയുമായി നിലവില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നും നിതീഷ് പറഞ്ഞു.

നേരത്തെ ബിജെപിയുമായുള്ള അതേ ബന്ധം തന്നെയാണ് ഇപ്പോഴും. ബിഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ഭാഗമാകുമാകുമെന്നും എന്നാല്‍ ജാര്‍ഖണ്ഡ്, ഡല്‍ഹി, ജമ്മുകാശ്മീര്‍, ഹരിയാന എന്നിവിടങ്ങളില്‍ തനിച്ചുമത്സരിക്കുമെന്നും എന്‍ഡിഎയുമായി സഖ്യമില്ലെന്നും നിതീഷ് കുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതോടെ സഖ്യം വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം മത്സരിച്ച ജെഡിയു 17 ല്‍ 16 സീറ്റുകളും വിജയിച്ചിരുന്നു. അതോടൊപ്പം തന്നെ, മോഡി മന്ത്രിസഭയില്‍ ജെഡിയുവിന് വേണ്ട പരിഗണന ലഭിക്കാത്തതില്‍ നിതീഷ് കുമാര്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Exit mobile version