‘അവനിയെ’ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടി; രാജ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് അവനി എന്ന പെണ്‍കടുവയെ വെടിവെച്ചു കൊന്ന സംഭവം ഏറെ വിവാദമായിരിക്കുകയാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ ആരോപണവുമായി എത്തിയിരിക്കുകയാണ് മഹാരാഷ്ട്ര നവ് നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. വ്യവസായി ഭീമന്‍ അനില്‍ അംബാനിക്ക് വേണ്ടിയാണ് കടുവയെ കൊന്നതെന്ന് രാജ് താക്കറെ ആരോപിച്ചു.

അനില്‍ അംബാനിയുടെ പുതിയ പദ്ധതി പ്രദേശത്താണ് കടുവ കൊല്ലപ്പെട്ടതെന്നും പദ്ധതി നടത്തിപ്പിനായി അവനിയെ കൊല്ലാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൂട്ടുനിന്നെന്നും താക്കറെ ആരോപിച്ചു. എന്നാല്‍ യവത്മലില്‍ തങ്ങള്‍ക്ക് ഒരു പുതിയ പദ്ധതിയില്ലെന്ന് റിലയന്‍സ് പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അനില്‍ അംബാനിയുടെ പ്രൊജക്ടിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അവനിയെ കൊലപ്പെടുത്തിയതെന്നാണ് താന്‍ മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ മനഃസാക്ഷി അംബാനിക്ക് വിറ്റിരിക്കുകയാണെന്ന് താക്കറെ പറഞ്ഞു. ആളുകളെ കടുവ കൊന്നിട്ടുണ്ടെങ്കില്‍ ദൗര്‍ഭാഗ്യകരമാണ്. പക്ഷെ ലോകത്ത് എല്ലായിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. കാടുകള്‍ മനുഷ്യര്‍ കൈയേറുമ്പോഴാണ് മൃഗങ്ങള്‍ ആക്രമിക്കുന്നത്. അതിന് കടുവയെ കൊല്ലേണ്ട കാര്യമില്ലായിരുന്നു. അതിനെ മയക്കി കിടത്തി കൊണ്ടു പോകാമായിരുന്നു. വനംവകുപ്പ് മന്ത്രി തന്റെ മന്ത്രിസ്ഥാനം അപകടത്തിലാക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും താക്കറെ വ്യക്തമാക്കി.

കടുവ കൊല്ലപ്പെട്ടതിന് വളരെ അകലെയായി റിലയന്‍സിന്റെ പുതിയ പദ്ധതി തുടങ്ങുന്നുണ്ടെന്ന് ജില്ലാ അധികാരികള്‍ വ്യക്തമാക്കി. എന്നാല്‍, കടുവ കൊല്ലപ്പെട്ടതിനും റിലയന്‍സിന്റെ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലെന്നും ജില്ലാ അധികാരികള്‍ പറയുന്നുണ്ട്.

കടുവയെ വനംവകുപ്പ് വെടിവെച്ചു കൊന്ന സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രമന്ത്രി മനേക ഗാന്ധിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമാണ് നടക്കുന്നത്. കടുവയെ കൊന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കു വരെ പരിഗണിക്കപ്പെട്ടിരുന്ന മുതിര്‍ന്ന ബിജെപി നേതാവും വനംമന്ത്രിയുമായ സുധീര്‍ മുന്‍ഗന്‍തിവാര്‍ രാജി വെയ്ക്കണമെന്നു മനേക ഗാന്ധി തുറന്നടിച്ചിരുന്നു.

Exit mobile version