കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനിടെ കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകി; വിരാട് കോഹ്‌ലിക്ക് പിഴ ശിക്ഷ

ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫെയ്സ് വണ്ണിലാണ് കോഹ്‌ലി താമസിക്കുന്നത്.

ന്യൂഡല്‍ഹി: വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി പായുകയാണ് ഉത്തരേന്ത്യ. ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ ജനം പരക്കം പായുമ്പോള്‍ കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുതി വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. സംഭവത്തില്‍ താരത്തിന് ഗുഡ്ഗാവ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പിഴ ചുമത്തി.

ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫെയ്സ് വണ്ണിലാണ് കോഹ്‌ലി താമസിക്കുന്നത്. കോഹ്‌ലിയുടെ വീട്ടിലെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയത് മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രദ്ധയില്‍ പ്പെടുകയായിരുന്നു. അയല്‍ക്കാരാണ് ഇതിനെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വീട്ടിലെത്തുകയും 500 രൂപ പിഴയായി അടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കുടിവെള്ള ക്ഷാമം ഗുഡ്ഗാവിലും രൂക്ഷമാവുകയാണ്. ഇതോടെയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടപടിയിലേക്ക് നീങ്ങിയത്. കോഹ്‌ലിയുടെ വീട്ടില്‍ ആറു കാറുകളുണ്ടെന്നും ഇതു കഴുകാനായി ധാരാളം കുടിവെള്ളം ഉപയോഗിച്ച് പാഴാക്കുകയാണെന്നാണ് അയല്‍ക്കാര്‍ കോര്‍പറേഷന് നല്‍കിയ പരാതി.

Exit mobile version