രോഗം ഭേദമാവാത്തതില്‍ ക്ഷുഭിതനായ രോഗി ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു

ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ്മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ത്വക്ക് സംബന്ധമായ രോഗത്തിനാണ് പ്രതിയായ റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്.

ന്യൂഡല്‍ഹി: തന്റെ രോഗം ഭേദമായില്ലെന്ന് ആരോപിച്ച് ക്ഷുഭിതനായ രോഗി ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ കുത്തി കൊന്നു. ഇവരുടെ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലാണ് ദാരുണ സംഭവം നടന്നത്.

ഡല്‍ഹിയിലെ ഡോക്ടര്‍ രാമകൃഷ്ണ വര്‍മ്മ ക്ലിനിക്കില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ത്വക്ക് സംബന്ധമായ രോഗത്തിനാണ് പ്രതിയായ റഫീഖ് റഷീദ് ഡോക്ടറുടെ ക്ലിനിക്കിലെത്തിയത്. ആറുമാസം ചികിത്സിച്ചെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. പിന്നീട് പ്രതി ഡോക്ടറെ കാണാന്‍ ക്ലിനിക്കിലെത്തുകയായിരുന്നു. എന്നാല്‍ ഡോക്ടറുടെ ഭാര്യയും മകനും മാത്രമാണ് ക്ലിനിക്കില്‍ ഉണ്ടായിരുന്നത്.

പിന്നീട് ക്ഷുഭിതനായ പ്രതി ഡോക്ടറുടെ ഭാര്യയെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഡോക്ടറുടെ 19-കാരനായ മകനെയും ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു. നിവലിളി കേട്ട് എത്തിയ പരിസരവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Exit mobile version