വിപ്രോ സ്ഥാപകന്‍ അസിം പ്രേജി കമ്പനിയില്‍ നിന്നും വിരമിക്കുന്നു; മകന്‍ റിഷാദിന് ചുമതല

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി എക്‌സിക്യൂട്ടീവ് ചെയര്‍മാനാകും.

ബെഗളൂരു: രാജ്യത്തെ പ്രമുഖ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റ് കമ്പനിയായ വിപ്രോയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ അസിം പ്രേംജി ജൂലൈയില്‍ വിരമിക്കും. ഇന്ത്യയിലെ മുന്‍നിര സമ്പന്നരില്‍ ഒരാളാണ് അസിം പ്രേംജി. 53 വര്‍ഷം വിപ്രോയെ നയിച്ച അദ്ദേഹം മാനേജിംഗ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനങ്ങളാണ് ജൂലൈ 30ന് ഒഴിയുന്നത്, ശേഷം കമ്പനി ബോര്‍ഡില്‍ നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫൗണ്ടര്‍ ചെയര്‍മാന്‍ എന്നീ പദവികളില്‍ തുടരും.

അസിം പ്രേംജിയുടെ മകന്‍ റിഷാദ് പ്രേംജി എക്‌സിക്യൂട്ടീവ് ചെയര്‍മാനാകും. വിപ്രോ സിഇഒ ആബിദലി നീമൂച്ച്‌വാല മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കും. ഈ മാറ്റങ്ങള്‍ക്ക് ഓഹരിയുടമകളുടെ അംഗീകാരം ലഭിക്കാനുള്ള കാത്തിരിപ്പിലാണ് കമ്പനി. പിന്നീടായിരിക്കും കമ്പനിയുടെ തലപ്പത്തെ ഈ മാറ്റങ്ങള്‍.

കുടുംബത്തിന്റെ ചെറുകിട വനസ്പതി നിര്‍മ്മാണ സ്ഥാപനത്തെ 850 കോടി ഡോളര്‍ മൂല്യമുള്ള ഐടി കമ്പനിയായി വളര്‍ത്തിയ പ്രേംജി രാജ്യത്തെ ദാനശീലന്‍ കൂടിയായ ശതകോടീശ്വരനാണ്. കഴിഞ്ഞ മാര്‍ച്ചില്‍ 1.45 ലക്ഷം കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചത്. വിപ്രോയിലെ തന്റെ 67 ശതമാനം ഓഹരിയാണ് ഇതിനായി നല്‍കുന്നത്.

Exit mobile version