നാശം വിതച്ച ഫോനി വന്നിട്ട് ഒരു മാസം പിന്നിട്ടു; ഒഡീഷ ഇപ്പോഴും മണ്ണെണ്ണ വെട്ടത്തില്‍ തന്നെ

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച് പോയിട്ട് ഒരു മാസം പിന്നിട്ടു

ഭുവനേശ്വര്‍; ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച് പോയിട്ട് ഒരു മാസം പിന്നിട്ടു. എന്നാല്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച ഒഡിഷയില്‍ പലയിടത്തും ഇതുവരെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനായില്ല. ഒന്നര ലക്ഷത്തിലേറെ തീരദേശവാസികള്‍ ഇപ്പോഴും മണ്ണെണ്ണ വെട്ടത്തിലാണ് കഴിയുന്നത്.

സംസ്ഥാനത്ത് ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റ് ദുരന്തത്തില്‍ 64 പേര്‍ മരിച്ചു. 14 ജില്ലകളിലായി 1.65 കോടി ജനങ്ങളാണ് ദുരിതമനുഭവിച്ചത്. കുടിവെള്ളം, ബാങ്കിങ്, ടെലികോം തുടങ്ങിയ സേവനങ്ങള്‍ പുനഃസ്ഥാപിച്ചുവെങ്കിലും പൂര്‍ണ്ണതോതില്‍ സജ്ജമായിട്ടില്ല.

കാറ്റില്‍ തകര്‍ന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി ഇനിയും പൂര്‍ത്തിയായിട്ടില്ല. മധ്യവേനലവധി കഴിഞ്ഞ് 19നാണ് ഒഡിഷയില്‍ സ്‌കൂള്‍ തുറക്കുക. ഈമാസം അവസാനത്തോടെ വൈദ്യുതിവിതരണം പൂര്‍ണ്ണമായും സജ്ജമാക്കാമെന്ന് കരുതുന്നുവെന്നും കൃത്യമായ തിയ്യതി പറയാനാവില്ലെന്നും മന്ത്രി സമീര്‍ രഞ്ജന്‍ ദാഷ് അറിയിച്ചു. ഫോനിയില്‍ സംസ്ഥാനത്തൊട്ടാകെ 11,942.68 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Exit mobile version