ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വീട്ടിലേയ്ക്ക് എത്തിയത് പിറന്നാള്‍ ദിനത്തില്‍; കണ്ണീര്‍ പൊഴിക്കില്ല, അഭിമാനിക്കുന്നുവെന്ന് പിതാവ്

വിവാഹത്തിനുള്ള തീയതി കുറിച്ച ശേഷമായിരുന്നു അമിതിന്റെ മരണം എന്നത് ഏറെ വേദനാജനകമാണ്.

ആഗ്ര: ‘ആ വിയോഗത്തില്‍ കണ്ണീര്‍ പൊഴിക്കില്ല, വീരമൃത്യുവില്‍ അഭിമാനിക്കുന്നു’ വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ജവാന്റെ പിതാവിന്റെ വാക്കുകളാണ് ഇത്. മരണപ്പെട്ട ജവാന്റെ മൃതദേഹം വീട്ടില്‍ എത്തിയതാകട്ടെ അദ്ദേഹത്തിന്റെ തന്നെ പിറന്നാള്‍ ദിനത്തിലും. ഇതോടെ വീടും നാടും കണ്ണീര്‍ കടലായി മാറി.

മെയ് 31 ന് ആസാം ബോര്‍ഡറില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം എന്ന വിഘടനവാദികളുമായി ഏറ്റുമുട്ടിയാണ് ശിപായി അമിത് ചതുര്‍വേദി കൊല്ലപ്പെട്ടത്. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച മകനെ കുറിച്ച് അഭിമാനം മാത്രമൊള്ളൂവെന്ന് ഈ പിതാവ് പറഞ്ഞു. ഇന്നലെ ആയിരുന്നു ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രിക്ക് സമീപം കഗറോല്‍ എന്ന ഗ്രാമത്തിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. അന്ന് തന്നെയായിരുന്നു അമിതിന്റെ ജന്മദിനവും.

2014ലാണ് അമിത് സൈന്യത്തില്‍ ചേര്‍ന്നത്. ഇന്ത്യന്‍ ആര്‍മിയുടെ 17ാം പാര ഫീല്‍ഡ് റെജിമെന്റിന്റെ ഭാഗം കൂടിയായിരുന്നു ഇദ്ദേഹം. ഏപ്രിലില്‍ അവധിക്ക് വന്ന് മാതാപിതാക്കള്‍ക്കൊപ്പം താമസിച്ച് മടങ്ങി പോയതായിരുന്നു ഇദ്ദേഹം. പിറന്നാള്‍ ദിനത്തില്‍ വലിയൊരു പാര്‍ട്ടി നടത്തുമെന്ന് സഹപ്രവര്‍ത്തകര്‍ക്ക് വാക്കും നല്‍കിയിരുന്നു. ശേഷമായിരുന്നു ഏറ്റുമുട്ടല്‍ നടന്നതും, ആക്രമണത്തില്‍ കൊല്ലപ്പെട്ടതും.

വിവാഹത്തിനുള്ള തീയതി കുറിച്ച ശേഷമായിരുന്നു അമിതിന്റെ മരണം എന്നത് ഏറെ വേദനാജനകമാണ്. സൈന്യത്തില്‍ സുബേദാറായി വിരമിച്ച ആളായിരുന്നു അമിതിന്റെ പിതാവ് രാംവീര്‍ ചൗധരി. അമിതിന്റെ സഹോദരങ്ങളായ സുമിതും അരുണും സൈന്യത്തിലാണ്. കഗറോല്‍ ഗ്രാമത്തിലേക്കുള്ള പ്രധാന പാതയില്‍ അമിതിന്റെ പ്രതിമ നിര്‍മ്മിക്കണമെന്ന ആവശ്യം ഗ്രാമവാസികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

Exit mobile version