മഹാസഖ്യത്തില്‍ നിന്നും പിന്മാറി ബിഎസ്പി; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും

യാദവ വോട്ടുകള്‍ വിഭജിച്ചു പോകുന്നത് തടയാന്‍ അഖിലേഷ് യാദവിന് കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്.

ലഖ്‌നൗ: പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങി ബിഎസ്പി. യുപിയില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ 11 മണ്ഡലങ്ങളില്‍ മഹാസഖ്യം വിട്ട ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകള്‍ ബിഎസ്പിയ്ക്ക് നേടിക്കൊടുക്കാന്‍ എസ്പിക്കു സാധിച്ചില്ലെന്നും മായാവതി ചൂണ്ടിക്കാണിക്കുന്നു. യാദവ വോട്ടുകള്‍ വിഭജിച്ചു പോകുന്നത് തടയാന്‍ അഖിലേഷ് യാദവിന് കഴിഞ്ഞില്ലെന്ന വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്. സ്വന്തം ഭാര്യ ഡിംപിള്‍ യാദവിന്റെ വിജയം പോലും അഖിലേഷിന് ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ലെന്നും മായാവതി കുറ്റപ്പെടുത്തി. 12000 വോട്ടുകള്‍ക്കാണ് ഡിംപിള്‍ കാനൂജില്‍ പരാജയപ്പെട്ടത്.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 11 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാനും മായാവതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് ബിഎസ്പിയുടെ പതിവല്ല. ഇതാദ്യമായാണ് ബിഎസ്പി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഒമ്പത് എംഎല്‍എമാരും എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ എംഎല്‍എമാര്‍ വീതവുമാണ് ജയിച്ചത്. ഈ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തില്‍ ബിഎസ്പിയെ കുറ്റപ്പെടുത്തി എസ്പിയും രംഗത്തുവന്നിരുന്നു. ഡിംപിള്‍ യാദവ് ഉള്‍പ്പെടെയുള്ള എസ്പിയുടെ പ്രമുഖ നേതാക്കളുടെ പരാജയത്തിന് കാരണം ബിഎസ്പി വോട്ടുകള്‍ കിട്ടാത്തതാണെന്ന വിമര്‍ശനവും എസ്പി ഉന്നയിച്ചിരുന്നു.

Exit mobile version