പ്ലസ്ടു പരാജയപ്പെട്ടിട്ടും ഐപിഎസ്; സോഷ്യല്‍മീഡിയയില്‍ വാഴ്ത്തലും! അഭയ് മീണ നാട്ടുകാരെ മുഴുവന്‍ പറ്റിച്ചതിങ്ങനെ; ഐപിഎസ് വ്യാജമെന്നറിഞ്ഞ് ഞെട്ടല്‍!

ജയ്പുര്‍: അഭയ് മീണ, സോഷ്യല്‍മീഡിയയില്‍ കുറച്ചുകാലമായി വാഴ്ത്തുന്ന യുവ ഐപിഎസ് ഓഫീസര്‍. മോട്ടിവേഷന്‍ ക്ലാസുകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരന്‍. ഒടുവില്‍, വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് നാട്ടുകാരെ പറ്റിച്ചതിന് അറസ്റ്റിലും. 20-കാരനായ പ്രതി അഭയ് മീണയുടെ അമ്പരപ്പിക്കുന്ന കഥയാണ് പറഞ്ഞുവരുന്നത്. പ്ലസ് ടു പരാജയപ്പെട്ട ശേഷം ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഐഐടി,യുപിഎസ്‌സി പരീക്ഷകള്‍ക്ക് സഹായിക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ നല്‍കി നിരവധി ഉദ്യോഗാര്‍ത്ഥികളെയാണ് ഇയാള്‍ കബളിപ്പിച്ചത്.

ജഗത്പുരയില്‍ നിന്നാണ് വെള്ളിയാഴ്ച അഭയ് മീണയെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് (എസ്ഒജി) അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ അവസാന നിമിഷവും കള്ളത്തില്‍ ഉറച്ചു നിന്ന അഭയ്, താന്‍ ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും തന്റെ സ്വാധീനം ഉപയോഗിക്കുമെന്നും പറഞ്ഞ് പോലീസിനെ വിരട്ടാന്‍ പോലും നോക്കി. പക്ഷേ പോലീസ് ഇയാളെ കുടുക്കുകയായിരുന്നു.

പ്ലസ്ടു പരാജയപ്പെട്ട അഭയ് മീണ തന്റെ ഐപിഎസ് സ്വപ്‌നം വ്യാജമായി സൃഷ്ടിച്ചെടുക്കുകയായിരുന്നു. ചെറിയ പ്രായത്തിനുള്ളില്‍ ഐപിഎസ് സ്വന്തമാക്കിയെന്ന് പ്രചരിപ്പിച്ചതോടെ സോഷ്യല്‍മീഡിയയും വാഴ്ത്തലുമായി രംഗത്തെത്തി. ഇതോടെ ഇയാളുടെ സിവില്‍ സര്‍വീസ് നേട്ടത്തെ കുറിച്ച് പ്രതിപാദിക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് ശ്രോതാക്കളുടെ എണ്ണം വര്‍ധിച്ചു. മൂന്ന് നക്ഷത്രങ്ങള്‍ പതിച്ച വ്യാജ ഔദ്യോഗിക കാറിലായിരുന്നു അഭയ് മീണ നഗരം ചുറ്റിയിരുന്നത്. ഇയാളുടെ കാര്‍ ഇതുവരെ ട്രാഫിക് പോലീസുകാര്‍ പോലും തടഞ്ഞിട്ടില്ലെന്നതാണ് അത്ഭുതം. ആള്‍മാറാട്ടം നടത്തി ജീവിച്ചിരുന്ന അഭയ് മീണ പല ഫാഷന്‍ ഷോകളിലും പാര്‍ട്ടികളിലും മുഖ്യാതിഥി ആയി. നിരവധി പോലീസുകാര്‍ ഇയാളെ സല്ല്യൂട്ട് ചെയ്യുകയും ആദരിക്കുകയും ചെയ്തു.

ആഢംബര വീടുകളില്‍ താമസിച്ചിരുന്ന മീണ നഗരത്തിലെ ഏറ്റവും മുന്തിയ ഹോട്ടലുകളില്‍ നിന്ന് തന്റെ ഐപിഎസ് വ്യാജപദവി മുതലെടുത്ത് സൗജന്യമായാണ് ഭക്ഷണം കഴിച്ചിരുന്നത്. നിയമസഹായം ആവശ്യപ്പെട്ട് എത്തുന്നവരെ ഇയാള്‍ സഹായിക്കുകയും നിരവധി ചാര്‍ജ് ഷീറ്റുകള്‍ മീണയുടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മീണയ്ക്ക് അനേകം പുസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

പരിശോധനയ്ക്കിടെ പോലീസ് കാര്‍ഡ് കാണിച്ചപ്പോള്‍ അതില്‍ ‘ക്രൈംബ്രാഞ്ച്’ എന്നും ‘ക്യാപിറ്റല്‍’ എന്നും എഴുതിയിരിക്കുന്നതില്‍ അക്ഷര തെറ്റുകണ്ടതോടെ സംശയം തോന്നിയ പോലീസ് തന്ത്രപൂര്‍വ്വം ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Exit mobile version