നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ചതിന് പിന്നാലെ ദിവ്യ സ്പന്ദന ട്വിറ്ററില്‍ അപ്രത്യക്ഷയായി; അഭ്യൂഹങ്ങളുമായി സോഷ്യല്‍മീഡിയ

നിരവധി ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ട് താത്ക്കാലികമായി ഒഴിവാക്കിയതോ അല്ലെങ്കില്‍ ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്തതോ ആയിരിക്കുമെന്നാണ് സൂചന.

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ട്വിറ്ററില്‍ നിന്നുള്ള കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വിങ് മേധാവി ദിവ്യ സ്പന്ദനയുടെ മുങ്ങല്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് സജീവമായിരുന്ന ദിവ്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ശനിയാഴ്ച രാത്രി തൊട്ട് അപ്രത്യക്ഷമായിരിക്കുകയാണ്. നിരവധി ഫോളോവേഴ്സുണ്ടായിരുന്ന അക്കൗണ്ട് താത്ക്കാലികമായി ഒഴിവാക്കിയതോ അല്ലെങ്കില്‍ ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്തതോ ആയിരിക്കുമെന്നാണ് സൂചന.

നിലവില്‍ ദിവ്യ സ്പന്ദനയുടെ അക്കൗണ്ട് ട്വിറ്ററില്‍ തിരയാനും സാധിക്കുന്നില്ല. അതേസമയം, ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായത് സംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയോ ദിവ്യ സ്പന്ദനയോ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി നേതാവും കേന്ദ്ര ധനമന്ത്രിയുമായ നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിന് പിന്നാലെയാണ് ദിവ്യയുടെ അക്കൗണ്ട് അപ്രത്യക്ഷമായിരിക്കുന്നത്. ധനമന്ത്രിയുടെ ചുമതല ലഭിച്ചതിനു പിന്നാലെ ദിവ്യ നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ചു ട്വീറ്റു ചെയ്യുകയായിരുന്നു.

അതേസമയം, അക്കൗണ്ട് അപ്രത്യക്ഷമായ സംഭവത്തില്‍ കോണ്‍ഗ്രസ് മാധ്യമവിഭാഗം പ്രതികരണം നടത്താന്‍ വിസമ്മതിച്ചു. എന്നാല്‍ ദിവ്യ സ്പന്ദനയുടെ അക്കൗണ്ട് അപ്രത്യക്ഷമായത് അവരുടെ സ്ഥാന നഷ്ടത്തിന്റെ സൂചനയാണെന്നാണ് ഉയരുന്ന ചര്‍ച്ച. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിന് പിന്നാലെ സ്ഥാനം തെറിച്ചതാകാമെന്നും ചര്‍ച്ചയുയരുകയാണ്. ട്വിറ്ററില്‍ പരിഹാസ ട്രോളുകളും നിറയുകയാണ്.

തെന്നിന്ത്യന്‍ നടിയായിരുന്ന ദിവ്യ സ്പന്ദന യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2017-ല്‍ കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ വിങിന്റെ ചുമതല ഏറ്റെടുത്തു.

Exit mobile version